കോന്നി: ലോക്ക് ഡൗണിനെ തുടർന്ന് പട്ടിണിയായ പശുവിന് കച്ചിയുമായി വൈദികനെത്തി. കടകൾ തുറക്കാത്തതുമൂലം പശുവിന് കച്ചി ലഭിക്കുന്നില്ല എന്നും കച്ചി എത്തിച്ചു തരണമെന്നും കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ കൈത്താങ്ങ് പദ്ധതിയുടെ ഹെൽപ്പ് ഡസ്കിലേക്ക് കിഴക്കുപുറം പതാലിൽ വീട്ടിൽ സോമനാണ് വിളിച്ച് ആവശ്യം ഉന്നയിച്ചത്.
ഉടൻ തന്നെ ഹെൽപ്പ് ഡെസ്കിൽ നിന്നു കച്ചി വാങ്ങി എത്തിക്കാൻ ക്രമീകരണം ചെയ്തു. കച്ചി വീട്ടിലെത്തിക്കുന്ന സേവനത്തിന് തയ്യാറായത് കൈത്താങ്ങ് പദ്ധതിയിൽ പുതിയതായി വോളിന്റിയറായ അട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ മാനേജരായ ഫാദർ പി.വൈ.ജസനാണ്. കൈത്താങ്ങ് പദ്ധതിയെപ്പറ്റി മനസ്സിലാക്കി സ്വയം സേവന സന്നദ്ധത അറിയിച്ച് പദ്ധതിയുടെ ഭാഗമാവുകയായിരുന്നു ഫാദർ ജസ്സൻ. സർക്കാർ നിയന്ത്രണങ്ങൾ അനുസരിച്ച് വീടിനുള്ളിൽ കഴിയുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണെന്നും ഈ പ്രവർത്തനങ്ങൾ മനുഷ്യ സ്നേഹത്തിന്റെയും കരുണയുടേതുമാണെന്നും അതിനാലാണ് ഈ പദ്ധതിയുടെ ഭാഗമായതെന്നും വൈദികൻ പറഞ്ഞു. മിണ്ടാപ്രാണിയുടെ വിശപ്പകറ്റാൻ കഴിഞ്ഞത് പുണ്യമാണെന്നും വൈദികൻ പറഞ്ഞു. കച്ചിയുമായി വോളന്റിയർമാർ എത്തിയതറിഞ്ഞ് സമീപിച്ച പുന്നമംഗലത്തുവീട്ടിൽ രാജുവിന്റെ പശുവിനും കച്ചി നല്കി.