തിരുവനന്തപുരം : സൈബര്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയ നൈജീരിയന്‍ സംഘത്തിലെ സ്ത്രീ അറസ്റ്റില്‍. വിളപ്പില്‍ശാല സ്വദേശിയില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പൂനെ സ്വദേശിനി മലെയ്ക മാര്‍ഷല്‍ ഫ്രാന്‍സിസിനെയാണ് (35) സൈബര്‍ പോലീസ് പിടികൂടിയത്. പൂനെയില്‍ നിന്നാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. സംഘത്തിലെ പ്രധാനപ്രതി നൈജീരിയന്‍ സ്വദേശി മാര്‍ക്ക് രക്ഷപ്പെട്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. തട്ടിയെടുത്തതില്‍ 24 ലക്ഷം രൂപ മലെയ്കയുടെ അക്കൗണ്ടിലെത്തിയിരുന്നു. ഇതില്‍ 14 ലക്ഷം രൂപ മാര്‍ക്കിന് കൈമാറിയെന്നും 10 ലക്ഷം രൂപ താനെടുത്തെന്നുമാണ് മലെയ്‌ക പോലീസിന് നല്‍കിയ മൊഴി. 2020ലാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നൈജീരിയന്‍ തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പരാതിക്കാരിയെ വിളിച്ച് തങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവരാണെന്ന് പറഞ്ഞ് വിശ്വാസ്യത നേടും. ഇതിനായി ഇവര്‍ പ്രമുഖരുടെ ഫോട്ടോ പതിച്ച കൃത്രിമ അക്കൗണ്ട് കാണിക്കും. ഇവയെല്ലാം ഇ – മെയില്‍ വഴി അയച്ചശേഷം പിന്നീടാണ് ഫോണ്‍ വിളിക്കുന്നത്. ഈ പ്രമുഖര്‍ തങ്ങളുടെ പണമെല്ലാം ചാരിറ്റി പ്രവര്‍ത്തനത്തിനായി സംഘത്തെ ഏല്പിച്ചിരിക്കുകയാണെന്നും അവ നിങ്ങളെ സൂക്ഷിക്കാനായി ഏല്പിക്കാനാണ് വിളിക്കുന്നതെന്നുമാണ് പറഞ്ഞത്. ഒരു കോടി പൗണ്ട് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്‌തിട്ടുണ്ടെന്ന് പരാതിക്കാരിയായ വിളപ്പില്‍ശാല സ്വദേശിയെ സംഘം അറിയിച്ചു.
ഇവര്‍ക്ക് ഉടനെ അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്‌തെന്ന് കാണിച്ച തെറ്റായ സന്ദേശവും മൊബൈലിലെത്തി. ഇതിനുശേഷം കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ വിളിച്ച് നിങ്ങളുടെ അക്കൗണ്ടില്‍ കണക്കില്‍പ്പെടാത്ത പണം വന്നിട്ടുണ്ടെന്നും സര്‍ക്കാരിലേക്ക് 30 ലക്ഷം ഉടന്‍ അടയ്ക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതുവിശ്വസിച്ച പരാതിക്കാരി 30 ലക്ഷം രൂപ അടച്ചു. പിന്നീട് ഇന്‍കംടാക്‌സ് ഓഫീസറെന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ചു. ടാക്‌സിനത്തില്‍ 32 ലക്ഷം രൂപ കൂടി അടക്കണമെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. ഇന്‍കംടാക്‌സ് വിഭാഗത്തിലേക്ക് അടച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് പരാതിക്കാരിയെ നൈജീരിയന്‍ സംഘം ഭീഷണിപ്പെടുത്തിയതോടെ ഇവര്‍ 32 ലക്ഷം രൂപ കൂടി നല്‍കി. ഒടുവില്‍ തട്ടിപ്പാണെന്ന് മനസിലാക്കിയ പരാതിക്കാരി പോലീസിനെ അറിയിക്കുകയായികയായിരുന്നു. ഫേസ്ബുക്ക് ഐ.ഡി ഉപയോഗിച്ചാണ് മലെയ്കയെ പോലീസ് പിടികൂടിയത്. സൈബര്‍ സെല്‍ സി.ഐ രതീഷ്, എസ്.ഐ മാരായ സതീഷ്, ഷൈല എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.