തൃശ്ശൂർ: വെജിറ്റിള്‍ ആന്‍റ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലില്‍ കര്‍ഷകരുടെ പേരില്‍ കൃത്രിമ പര്‍ച്ചേസ് ബില്ലുകള്‍ തയ്യാറാക്കി തട്ടിപ്പ്. ഇരിങ്ങാലക്കുട തൊട്ടിപ്പാളില്‍ മാത്രം കര്‍ഷകനറിയാതെ നടത്തിയത് രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ്. കര്‍ഷകന്‍റെ പരാതിയില്‍ ദ്രുതപരിശോധന നടത്തി ഡിസംബര്‍ 17 ന് മുൻപ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
മെച്ചപ്പെട്ട വിളയ്ക്ക് മികച്ച വിത്തുകള്‍ കര്‍ഷകരില്‍ നിന്ന് സമാഹരിച്ച് സര്‍ക്കാര്‍ ഏജന്‍സി വഴി നല്‍കുക, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കമ്മീഷനടിച്ച് വിത്ത് എത്തിക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൃഷി ഭവന്‍ വഴി വിത്തു വിതരണത്തിന് വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തൊട്ടാകെ 1.3 ലക്ഷം രജിസ്റ്റേർഡ് കര്‍ഷകരുള്ള വിഎഫ്പിസികെയ്ക്ക് ഇക്കാര്യം മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിയുമെന്നായിരുന്നു കൃഷി വകുപ്പിന്‍റെ കണക്കുകൂട്ടല്‍.
എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിത്തെത്തിച്ച് തട്ടിപ്പ് നടത്താനായിരുന്നു ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് താത്പര്യം. ഇരിങ്ങാലക്കുടയ്ക്കടുത്തെ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്‍റ് ദാസന്‍റെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തിയത് രണ്ടര ലക്ഷത്തിന്‍റെ തട്ടിപ്പ്. ഈ വിവരം പുറത്തായതോടെ ദാസൻ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചു. ദാസനെപ്പോലെ നിരവധി കര്‍ഷകരെ സംസ്ഥാനത്തൊട്ടാകെ ഉദ്യോഗസ്ഥര്‍ പറ്റിച്ചിട്ടുണ്ടെന്നാണ് കര്‍ഷകരുടെ ആരോപണം. ദാസന്‍റെ പരാതിയില്‍ വിജിലന്‍സ് കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെയുള്ള മുഴുവൻ വിത്തുവിതരണവും അന്വേഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം