പത്തനംതിട്ട : ജില്ലയിലെ 816 റേഷന്‍കടകളിലൂടെയും സൗജന്യറേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന അറിയിച്ചു. ആദ്യദിവസം ഉച്ചവരെ 23,000 കാര്‍ഡ് ഉടമകള്‍ സൗജന്യറേഷന്‍ വാങ്ങി. ഇതില്‍ 5300-ാളം പോര്‍ട്ടബിലിറ്റി കാര്‍ഡുകളും ഉള്‍പ്പെടുന്നു. 24000 എഎവൈ കാര്‍ഡുകളും 103400 മുന്‍ഗണനാ കാര്‍ഡുകളും ഉള്‍പ്പടെ ജില്ലയില്‍ ആകെ 3,42,000-ാളം റേഷന്‍ കാര്‍ഡുകളാണുള്ളത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരേ സമയം അഞ്ചു പേരില്‍ കൂടുതല്‍ റേഷന്‍വാങ്ങാന്‍ എത്തരുത്. ഇതിലേക്കായി, മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് (മുന്‍ഗണനാ കാര്‍ഡുകള്‍) രാവിലെ ഒന്‍പതു മുതല്‍ ഒന്നു വരെയും നീല, വെള്ള കാര്‍ഡുകള്‍ക്ക് (പൊതുവിഭാഗം കാര്‍ഡുകള്‍) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയും റേഷന്‍ വാങ്ങുന്നതിനായി സമയക്രമീകരണം നടത്തിയിട്ടുണ്ട്. ടോക്കണ്‍ സമ്പ്രദായവും ഉണ്ടാവും. വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും ഒരേസമയം അഞ്ചു പേരില്‍ കൂടുതല്‍ റേഷന്‍ കടയിലെത്തുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
ഇതുകൂടാതെ കാര്‍ഡ് നമ്പരിന്റെ അവസാനത്തെ അക്കം നോക്കി റേഷന്‍ വാങ്ങാന്‍ നിശ്ചിതദിവസവും നിശ്ചയിച്ചിട്ടുണ്ട്. ദിവസക്രമം:
0, 1 – ഏപ്രില്‍ 1 (ബുധന്‍), 2, 3 – ഏപ്രില്‍ 2 (വ്യാഴം), 4, 5 – ഏപ്രില്‍ 3 (വെള്ളി), 6, 7 – ഏപ്രില്‍ 4 (ശനി), 8, 9 – ഏപ്രില്‍ 5 (ഞായര്‍). ഇതിനുശേഷവും വാങ്ങാനുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് നല്‍കും.
സൗജന്യ റേഷന്‍ വിതരണ നിരക്ക്: ഏ.ഏ.വൈ.(മഞ്ഞ), പി.എച്ച്.എച്ച്(പിങ്ക്) കാര്‍ഡുകള്‍ക്ക്: നിലവിലുള്ള റേഷന്‍വിഹിതം തന്നെ, സൗജന്യമായി.
സബ്‌സിഡി(നീല), നോണ്‍-സബ്‌സിഡി(വെള്ള) എന്നീ പൊതുവിഭാഗം കാര്‍ഡുകള്‍ക്ക്: 15 കിഗ്രാം അരി വീതം സൗജന്യമായി ലഭിക്കും. ഏഴ് അംഗങ്ങളില്‍ കൂടുതലുള്ള നീല കാര്‍ഡുകളിലെ ഏഴിനു മുകളിലുള്ള ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരിയും സൗജന്യമായിത്തന്നെ ലഭിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സൗജന്യറേഷന്‍ നല്‍കും. എന്നാല്‍ ഇതിനായി ആധാര്‍നമ്പര്‍, ഫോണ്‍ നമ്പര്‍ ഇവ ചേര്‍ത്ത ഒരു സത്യവാങ്മൂലം കടയില്‍ കൊടുത്താല്‍ മതി. അര്‍ഹതയില്ലെന്ന് പിന്നീട് കണ്ടെത്തിയാല്‍ വാങ്ങിയ സാധനങ്ങളുടെ മാര്‍ക്കറ്റ് വിലയുടെ ഒന്നരയിരട്ടി പിഴ ഈടാക്കും.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആളൊന്നിന് അഞ്ചു കിലോഗ്രാം അരിയോ നാലു കിലോഗ്രാം. ആട്ടയോ ഏതെങ്കിലും ഒന്ന് സപ്ലൈകൊ എന്‍എഫ്എസ്എ ഗോഡൗണില്‍നിന്ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ വഴി സൗജന്യമായി വിതരണം നടത്തുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സപ്ലൈകൊ തയാറാക്കുന്ന കിറ്റിന് പുറമെയാണ് സൗജന്യറേഷന്‍ വിതരണം. കിറ്റ് വിതരണവും ഏപ്രില്‍ ആദ്യത്തെ ആഴ്ച നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാവും കിറ്റിന്റെ വിതരണം നടക്കുക എന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.