ലുധിയാന : ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന ജനറല്‍ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് യൂണിഫോം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച് പഞ്ചാബ് സര്‍ക്കാര്‍. 2.66 ലക്ഷം കുട്ടികൾക്ക് യൂണിഫോം നല്‍കുമെന്നാണ് പഞ്ചാബ് ക്യാബിനറ്റിന്‍റെ തീരുമാനം. സർക്കാർ സ്കൂളിൽ പഠിക്കുന്ന ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സൗജന്യമായി യൂണിഫോം നൽകാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചത്. എഎൻഐ റിപ്പോർട്ട് അനുസരിച്ച് ഈ പദ്ധതിക്കായി നടപ്പു സാമ്പത്തിക വർഷം 15.98 കോടി രൂപയാണ് സംസ്ഥാന സർക്കാർ മാറ്റിവെച്ചിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പഞ്ചാബി നിർബന്ധിത വിഷയമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മാതൃഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചാബിലെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഞ്ചാബി നിർബന്ധിത വിഷയമാക്കിയിരിക്കുന്നു. ഉത്തരവ് ലംഘിച്ചാൽ സ്കൂളുകൾ 2 ലക്ഷം രൂപ വരെ പിഴയടക്കേണ്ടി വരും. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു.
1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഞ്ചാബി നിർബന്ധമായും പഠിക്കണമെന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ലേണിംഗ് ഓഫ് പഞ്ചാബി ആന്റ് അദർ ലാംഗ്വേജസ് ആക്റ്റ് നടപ്പിലാക്കിയത്. സംസ്ഥാനത്ത് പഞ്ചാബി ഭാഷയിൽ ഔദ്യോഗിക കാര്യങ്ങൾ ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് 5000 രൂപ വരെ പിഴ ചുമത്താവുന്ന പഞ്ചാബ് ഔദ്യോഗിക ഭാഷ (ഭേദഗതി) ബില്ലും പഞ്ചാബ് സർക്കാർ പാസ്സാക്കിയിട്ടുണ്ട്.