പത്തനംതിട്ട : നഗരസഭ നടപ്പാക്കുന്ന ഹരിത നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി ജില്ല ആസ്ഥാനത്തെ മൂന്ന് സർക്കാർ ഓഫീസ് സമുച്ചയങ്ങളിൽ സ്ഥാപിക്കുന്ന പോർട്ടബിൾ ബയോ ബിന്നുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് മാസം 15ന് നടക്കും. പരിപാടിയുടെ സന്ദേശം അറിയിച്ചുകൊണ്ട് ഓഗസ്റ്റ് 14ന് വൈകുന്നേരം നാലുമണിക്ക് വിളംബര ജാഥ നടത്താൻ ജില്ലാ കളക്‌ടർ പ്രേം കൃഷ്‌ണൻ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. ജില്ലാ കേന്ദ്രത്തിലെ ഭൂരിഭാഗം സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന കളക്‌ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, എസ്‌പി ഓഫീസ് സമുച്ചയങ്ങളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. എൻ്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സർക്കാർ നയം നിയമമായതോടെ സർക്കാർ ഓഫീസുകളിലെ മാലിന്യപ്രശ്നം കീറാമുട്ടി ആയിരുന്നു. ജീവനക്കാരിൽ പലരും ഭക്ഷണ അവശിഷ്ട്‌ടങ്ങൾ സംസ്കരണ സംവിധാനം ഇല്ലാത്തതിനാൽ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ നിർബന്ധിതരായിരുന്നു. ഇതിനു പരിഹാരമായാണ് നഗരസഭ പോർട്ടബിൾ ബയോ ബിന്നുകൾ സ്ഥാപിക്കുന്നത്.
ഓരോ ഓഫീസുകളിലും പ്രത്യേകമായി തരംതിരിച്ച് ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യം എല്ലാ ദിവസവും ഓഫീസ് സമുച്ചയ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള വലിയ ബയോ ബിന്നിലേക്ക് നീക്കും. ഇതിനായി നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങളെ നിയോഗിക്കും. ഹരിത കർമ്മ സേനയ്ക്കുള്ള യൂസർ ഫീ ഓരോ ഓഫീസിൽ നിന്നും ശേഖരിച്ച് പ്രതിമാസം കൈമാറും. എല്ലാ ഓഫീസുകളിലും ഗ്രീൻ പ്രോട്ടോകോൾ ഓഫീസർ ഉണ്ടാകും. ഇതിനാവശ്യമായ നിർദ്ദേശം ജില്ലാ കളക്‌ടർ നൽകിയിട്ടുണ്ട്. പോർട്ടബിൾ ബയോ ബിന്നുകളിൽ ശേഖരിക്കുന്ന മാലിന്യം ഇനോക്കുലം ഉപയോഗിച്ച് വളമാക്കി മാറ്റും.
നഗരസഭ ഓഫീസിലും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്‌ടറുടെ കാര്യാലയത്തിലും ഇതിനകം തന്നെ മാലിന്യം വളമാക്കുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ബയോ ബിന്നുകളിൽ ഉത്പാദിപ്പിക്കുന്ന വളം നഗരസഭയുടെ ബ്രാൻഡ് നൽകി ഹരിത കർമ്മ സേനാംഗങ്ങൾ വിൽപ്പന നടത്തും. സമ്പൂർണ്ണ ശുചിത്വ നഗരം എന്ന ലക്ഷ്യത്തിലേക്ക് നഗരസഭ നീങ്ങുകയാണെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. രണ്ടാംഘട്ടത്തിൽ എല്ലാ ഓഫീസുകളും പദ്ധതിയുടെ ഭാഗമാകും. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പോർട്ടബിൾ ക്യാമറകളും കണ്ടെയ്‌നർ എംസിഎഫുകളും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും ചെയർമാൻ പറഞ്ഞു. ഓഗസ്റ്റ് 14ന് നടക്കുന്ന വിളംബരജാഥയിലും 15ലെ ഉദ്ഘാടന ചടങ്ങുകളിലും പങ്കെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി.