റാന്നി: പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ തുടര്‍ച്ചയായ വൈദ്യുതി മുടക്കം ഉപഭോക്താക്കളെ വലയ്ക്കുന്നു. റാന്നി നോര്‍ത്ത്, സൗത്ത് സെക്ഷന്‍റെ പരിതിയിലെ എല്ലാ മേഖലയിലും ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതുമൂലം റാന്നിയിലെ വ്യാപാരികള്‍ ആണ് വലയുന്നത്. വൈദ്യുതി ഇല്ലെങ്കില്‍ വന്‍ നഷ്ടമാണ് ഇവര്‍ നേരിടേണ്ടി വരുന്നത്. നേരത്തെ ടൗണ്‍ ഫീഡര്‍ എത്തുമ്പോള്‍ റാന്നിയില്‍ വൈദ്യുതി മുടങ്ങുകയില്ലെന്നായിരുന്ന അധികൃതര്‍ പറഞ്ഞിരുന്നത്. കൂടാതെ ലൈന്‍ പൊട്ടിയുള്ള വൈദ്യുതി മുടക്കം ഉണ്ടാവാതിരിക്കാന്‍ ആധുനിക എബിസി കേബിളും സ്ഥാപിച്ചു. എന്നാല്‍ ഇപ്പോള്‍ ഒരു വഴിയിലും വൈദ്യുതി ഇല്ലെന്നതാണ് സ്ഥിതി. കഴിഞ്ഞ ദിവസം രാത്രിയില്‍ തോട്ടമണ്‍ എസ്.ബി.ഐ ബാങ്കിന് സമീപത്തെ വൈദ്യുതി തൂണില്‍ നിന്നും വലിയ ശബ്ദവും തീയുമുണ്ടായി എബിസി കത്തിയതോടെ പോയതാണ് വൈദ്യുതി. പിന്നീട് ഇന്ന് വൈകിട്ട് അഞ്ചു മണിയോടാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
കനത്ത ചൂടുമൂലം വലഞ്ഞ ജനത്തിന് ഇരുട്ടടിയായി മാറിയിരിക്കുകയാണ് വൈദ്യുതി മുടക്കവും. ദുരവസ്ഥ മൂലം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ രാത്രിയും പുലര്‍ച്ചയും വെളിച്ചം ലഭിക്കാതെയായി. ഫ്രിഡ്ജുകളില്‍ സൂക്ഷിച്ചിരുന്ന ആഹാര സാധനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉപയോഗ ശൂന്യമായതിനാല്‍ പൊതുജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടായി. വേനല്‍ക്കാലത്ത് മിക്ക ദിവസങ്ങളിലും ടച്ചിംങ് വെട്ടിന്‍റെ പേരിലായിരുന്നു വൈദ്യുതി മുടക്കം. മിക്ക ദിനങ്ങളില്‍ ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വൈദ്യുതി മുടക്കുകയാണ്. മുന്‍പ് യാതൊരു തടസ്സവുമില്ലാതെ വൈദ്യുതി ലഭിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ വൈദ്യുതി ലഭിക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ കനിയണമെന്ന സ്ഥിതിയാണ്. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ഉത്തരവാദിത്വം ഇല്ലാത്ത ഈ പരിപാടിയില്‍ ചെറുകിട തൊഴില്‍ സംരംഭകരെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. വിവരങ്ങള്‍ കാട്ടി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ വിളിച്ചു പരാതിപ്പെട്ടാല്‍ ഇപ്പം കിട്ടുമെന്ന പതിവു പല്ലവി മാത്രമാണ് ലഭിക്കുന്നത്. തുടര്‍ച്ചയായി ഇങ്ങനെ വൈദ്യുതി മുടങ്ങുന്നതിനെതിരെ വൈദ്യുതി വകുപ്പ് മന്ത്രിക്കും ചീഫ് എന്‍ജീനീയര്‍ക്കും പരാതി കൊടുക്കുവാന്‍ തയ്യാറാകുകയാണ് റാന്നിയിലെ വ്യാപാരികളും നാട്ടുകാരും.