പത്തനംതിട്ട : അട്ടപ്പാടി വനസുന്ദരി ചിക്കന്‍ മുതല്‍ തലപ്പാക്കട്ടി ദം ബിരിയാണി വരെയുള്ള മായം ചേര്‍ക്കാത്ത തനത് ഭക്ഷണങ്ങളുടെ രുചി മേളം തീര്‍ത്ത് കഫെ കുടുംബശ്രീ ഭക്ഷ്യമേള രുചിമേളം 2025′. കുടുംബശ്രീ ജില്ലാ മിഷന്റെയും നബാര്‍ഡിന്റെയും നേതൃത്വത്തില്‍ മാര്‍ച്ച് നാലു വരെ പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് ഭക്ഷ്യമേള. ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ലൈവായാണ് ഭക്ഷണം പാചകം ചെയ്യുന്നത്. മല്ലിയില, പുതിനയില, കറിവേപ്പില, ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, കോഴി ജീരകം എന്നിവ ഉപയോഗിച്ചാണ് അട്ടപ്പാടി വനസുന്ദരി ചിക്കന്‍ തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും കാന്താരിയും പുതിനയിലയുമെല്ലാം ചതച്ചുചേര്‍ത്തൊരു ചിക്കന്‍ ഫ്രൈ. ഒപ്പം തട്ടുദോശയും ഊരു കാപ്പിയും. ചിക്കന്‍ വേവിച്ച് അതില്‍ മസാലക്കുട്ടുകള്‍ ചേര്‍ത്ത് ദോശക്കല്ലിലിട്ട് ഫ്രൈയാക്കുന്ന രീതിയാണ് ഇവരുടേത്.
അട്ടപ്പാടിയിലെ മരുതി, കാളി, റേസി, വള്ളി എന്നിവരാണ് ഭക്ഷ്യമേളയിലെ പാചകക്കാര്‍. വനസുന്ദരിക്കൊപ്പം ദോശയും നല്‍കും ഒരു പ്ലേറ്റിനു 200 രൂപയാണ്. കപ്പ, മീന്‍കറി, ബീഫ് കറി, പാല്‍ കപ്പ, തലശ്ശേരി ദം ബിരിയാണി, നെല്ലിക്ക കൊണ്ടുള്ള ഏഴുതരം വ്യത്യസ്ത ജ്യൂസുകളും ലഭ്യമാണ്. മനം മയക്കുന്ന രുചികളിലും നിറങ്ങളിലും ഐസ്‌ക്രീമുകളും ലഭ്യമാണ്. വിവിധ തരം പായസങ്ങള്‍, തലപ്പാക്കട്ടി ദം ബിരിയാണി, ചെട്ടിനാട് ബിരിയാണി ചിക്കന്‍, ബീഫ് എന്നിവകൊണ്ടുള്ള ദോശ, വട, ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങിയ വിഭവങ്ങളുമായാണ് തമിഴ്നാട് യൂണിറ്റുകള്‍ എത്തിയിരിക്കുന്നത്. കൂടാതെ വിവിധതരം ഡോണട്ടുകള്‍, ബ്രൗണികള്‍, ഡ്രീം കേക്ക്, ഫില്‍ഡ് കപ്പ് കേക്ക് തുടങ്ങി നാവില്‍ കൊതിയൂറുന്ന വിവിധ ഇനം ഭക്ഷണങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നോമ്പുതുറയുമായി ബന്ധപ്പെട്ട് നോമ്പ് കഞ്ഞി, തരി കഞ്ഞി, ഉന്നക്കായ പഴം നിറച്ചത് തുടങ്ങിയ വിവിധ മലബാര്‍ പലഹാരങ്ങള്‍ എന്നിവ ലഭ്യമാണ്. രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് ഭക്ഷ്യമേള.