കോഴിക്കോട് : റോഡപകടങ്ങളിൽപ്പെടുന്നവരുടെ രക്ഷകർക്ക് ഇനി പൊലീസിന്റെ പാരിതോഷികം. അപകടത്തിൽപെടുന്നവരുടെ ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യവുമായി ലയൺസ് ക്ലബിന്റെ സഹകരണത്തോടെ കോഴിക്കോട് സിറ്റി പൊലീസാണ് ‘ഗുഡ് സമരിറ്റൻസ് അവാർഡ് ‘ പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. അപകടം പറ്റിയാളെ ആശുപത്രിയിൽ എത്തിച്ചശേഷം അവരുടെ ഫോട്ടോ, അപകടം സംഭവിച്ച ആളുടെ വിവരണം, എത്തിച്ചയാളുടെ വിവരങ്ങൾ എന്നിവ 8590965259 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശമായി അയച്ചാൽ ഉടൻ 500 രൂപ പാരിതോഷികമായി ഓൺലൈൻ വഴി ലഭിക്കും.
അപകടത്തിൽപ്പെട്ടവരെ കണ്ടാലും നിയമക്കുരുക്കുകൾ ഭയന്ന് പലപ്പോഴും ആളുകൾ മാറിപോകുന്ന സ്ഥിതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിയുമായി സിറ്റി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. തുടക്കത്തിൽ കോഴിക്കോട് നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ദുരുപയോഗം തടയാൻ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ആശുപത്രിയിൽ നിന്ന് ആധികാരിക വിവരങ്ങൾ ശേഖരിക്കും. അപകടത്തിൽപ്പെടുന്നവർ നിർണായക സമയത്തിനകം ആശുപത്രിയിൽ എത്താത്തതിനാൽ മരിക്കുകയോ ജീവച്ഛവങ്ങളായി മാറുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുകയാണെന്ന് പദ്ധതി പ്രഖ്യാപിച്ച് സിറ്റി പൊലീസ് കമ്മിഷണർ രാജ്‌പാൽ മീണ വ്യക്തമാക്കി.