പത്തനംതിട്ട : അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിലിന്‍റെ നിലവിലുള്ള വിലയുടെ അടിസ്ഥാനത്തില്‍ പെട്രോള്‍, ഡീസല്‍, പാചക-വാതകം എന്നിവ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണ്ണയിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ ബോഡി യോഗം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അടിക്കടി വര്‍ദ്ധിപ്പിച്ച സ്വകാര്യ കുത്തക പെട്രോളിയം കമ്പനികളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില താഴ്ന്ന നിലയില്‍ നില്‍ക്കുമ്പോഴും അത് പരിഗണിക്കാതെ ഇന്ധന വില വര്‍ദ്ധിപ്പിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച ഇന്ധന നികുതി പിന്‍വലിക്കാതെ കേന്ദ്ര സര്‍ക്കാരിന്‍റെ കൊള്ളയടിക്ക് കൂട്ടു നില്‍ക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സിസി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, സെക്രട്ടറിമാരായ എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, യു.ഡി.എഫ് ജില്ലാ കണ്‍വിനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി അംഗങ്ങളായ പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി, മാത്യു കുളത്തിങ്കല്‍, കെ. ജയവര്‍മ്മ, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, റജി തോമസ്, ഡി.സി.സി ഭാരവാഹികളായ, കെ.കെ റോയിസണ്‍, റ്റി.കെ സാജു, സുരേഷ് കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, സജി കൊട്ടക്കാട് എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ച് 2-ാം തീയതി ഇന്ധന വില വര്‍ദ്ധനക്കെതിരെ കെ.പി.സി.സി നിര്‍ദ്ദേശമനുസരിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നതിനും മാര്‍ച്ച് 3 ന് പാചക വാതക വിലവര്‍ദ്ധനവിനെതിരെ വീട്ടമ്മമാരെ സംഘടിപ്പിച്ച് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃതവത്തില്‍ ബൂത്ത് കേന്ദ്രങ്ങളില്‍ അടുപ്പ് കൂട്ടി സമരം നടത്തുന്നതിനും ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.