തിരുവനന്തപുരം: ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികൾ കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതി തയ്യാറാക്കിയെന്ന് എൻഐഎ കണ്ടെത്തൽ. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ് ഉൾപ്പെടെ നാല് പേരെ എൻഐഎ ചോദ്യം ചെയ്യുകയാണ്. ഖത്തറിൽ ജോലി ചെയ്യുമ്പോഴാണ് കേരളത്തിൽ ഐ എസ് പ്രവർത്തനം തുടങ്ങാൻ പ്രതികൾ തീരുമാനിച്ചതെന്ന് എൻഐഎ കണ്ടെത്തി. പിടിയിലായ ആഷിഫ് ഉൾപ്പെടെ മൂന്ന് പേരാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. രണ്ട് പേർ ഒളിവിലാണ്.
ഐഎസിൽ ചേരാനായി പണം കണ്ടെത്താൻ ദേശസാൽകൃത ബാങ്കുള്‍പ്പെടെ കൊള്ളയടിക്കാൻപ്രതികള്‍ ആസൂത്രണം നടത്തിയെന്നാണ് എൻഐഎ കണ്ടെത്തിയത്. കേരളത്തിൽ ഐ എസ് പ്രവർത്തനം തുടങ്ങാൻ പണം കണ്ടെത്താൻ വേണ്ടിയാണ് പ്രതികള്‍ കവർച്ച നടത്താൻ തീരുമാനിച്ചത്. ക്രിമിനൽ കേസിലെ പ്രതികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 20ന് പാലക്കാട് നിന്നും പ്രതികള്‍ 30 ലക്ഷം കുഴൽപ്പണം തട്ടി. സത്യമംഗലം കാട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് തൃശൂർ സ്വദേശി മതിലകത്ത് കോടയിൽആഷിഫ് അറസ്റ്റിലായത്. ഒളിവിൽ കഴിയാൻ സഹായം ചെയ്ത ഫറൂഖും എന്‍ഐഎയുടെ കസ്റ്റഡിയിലായിട്ടുണ്ട്. പ്രേരണ ചെലുത്തിയത് കേരളത്തിൽ നിന്നും അഫ്ഗാനിലെത്തിയ ഒരാളാണെന്നാണ് പിടിയിലിയവരുടെ മൊഴി.