കുമരകം: ജി– 20 ഉച്ചകോടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി റോഡ് വശത്തെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടുന്നത് തകൃതിയായി നടക്കുന്നു. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്ന സമയത്ത് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ശിഖരങ്ങൾ വെട്ടിയിടുമ്പോൾ അതു വേഗം തന്നെ നീക്കാൻ ശ്രമിക്കുന്നുണ്ട്.എന്നാൽ മരങ്ങൾ വെട്ടിയിടുമ്പോൾ ഇതു മാറ്റാൻ സമയം ഏറെ എടുക്കുന്നു. ഇന്നലെ റോഡിൽ വാഹനത്തിരക്കുള്ള സമയത്തായിരുന്നു ചക്രംപടി ഭാഗത്ത് മരം വെട്ടൽ നടന്നത്. മരം വീണു കിടന്ന റോഡിന്റെ ഇരുഭാഗത്തും കിലോമീറ്ററുകൾ വാഹനങ്ങളുടെ നിര നീണ്ടു.
ജി–20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിന് എത്തുന്ന ഉദ്യോഗസ്ഥർക്കു കായലിലൂടെ സഞ്ചരിക്കുന്നതിനു പോള തടസ്സം ആകുമെന്നതിനാൽ ഇവ അടിയന്തരമായി നീക്കം ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ നിർദേശം നൽകിയിരുന്നു. അതനുസരിച്ച് നാളെ മുതൽ പോളവാരൽ തുടങ്ങും. യന്ത്രം ഉപയോഗിച്ചു നീക്കം ചെയ്യാനാണു തീരുമാനം. പോള നീക്കുന്നതിനു 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ജി–20 സമ്മേളനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ താമസിക്കുന്ന, കായൽത്തീരത്തെ ഹോട്ടൽ, റിസോർട്ട് എന്നിവിടങ്ങളിൽ നിന്നു ജലവാഹനങ്ങളിലാണു കവണാറ്റിൻകര കെടിഡിസിയിലെ കൺവൻഷൻ സെന്ററിൽ എത്തുന്നത്.