ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ ജി 23 നേതാക്കളുടെ വിശാലയോഗം നാളെ ഡല്‍ഹിയില്‍ ചേരും. കേരളത്തിലെ ചില നേതാക്കള്‍ക്കും ക്ഷണമുണ്ടെന്നാണ് സൂചന. യോഗം നാളെ ഡല്‍ഹിയില്‍ രാത്രി ഏഴു മണിക്ക് ചേരും. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ജി 23 നേതാവ് കപില്‍ സിബല്‍ രൂക്ഷ വിമര്‍നമാണ് നടത്തിയത്. കൂട്ടത്തോല്‍വി അത്ഭുതപ്പെടുത്തിയില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. എട്ട് വര്‍ഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍ ഇപ്പോള്‍ നടത്തിയിട്ട് എന്ത് പ്രയോജനം? നേതാക്കളുടെ മനസിലാണ് ചിന്തന്‍ ശിബിര്‍ നടക്കേണ്ടിയിരുന്നത്.
കോണ്‍ഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിന്റെയല്ല. രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപില്‍ സിബല്‍ ചോദിക്കുന്നു. നേതൃത്വം മാറുക തന്നെ വേണം. അല്ലാതെ പരിഷ്‌ക്കാര നടപടികള്‍ കൊണ്ട് മാത്രം ഗുണം ചെയ്യില്ലെന്നും കപില്‍ സിബല്‍ തുറന്നടിച്ചിരുന്നു.