നെടുമങ്ങാട്: സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തന സമയത്തിന് ശേഷം പൂട്ടാന്‍ മറന്ന് ജീവനക്കാര്‍. സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലിന്റെ സ്വന്തം മണ്ഡലത്തിലെ സൂപ്പര്‍ മാര്‍ക്കറ്റാണ് ജീവനക്കാര്‍ പൂട്ടാന്‍ മറന്നത്. തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റാണ് കഴിഞ്ഞ ദിവസം പൂട്ടാന്‍ ജീവനക്കാര്‍ മറന്നത്. ഷട്ടറുകള്‍ പാതിയില്‍ അധികം താഴ്ത്തിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനേ തുടര്‍ന്ന് രാവിലെ ജീവനക്കാരെത്തിയാണ് ഷട്ടര്‍ താഴിട്ട് പൂട്ടിയത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ഷട്ടര്‍ താഴ്ത്തി പൂട്ടുന്നത് ദിവസ വേതനക്കാരാണ് എന്നാണ് സൂപ്പര്‍ മാര്‍ക്കറ്റിലെ സ്ഥിരം ജീവനക്കാര്‍ വിശദമാക്കുന്നത്. സംഭവത്തെക്കുറിച്ച് റീജിയണല്‍ മാനേജരെ വിവരം അറിയിച്ചതായും റീജിയണല്‍ ഓഫീസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അസിസ്റ്റന്റ് മാനേജര്‍ വിശദമാക്കി.