ഡല്‍ഹി: ജി20 ഉച്ചക്കോടിയിലും ‘ഇന്ത്യ’ക്ക് പകരം രേഖപ്പെടുത്തിയത് ‘ഭാരത്’. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിലാണ് ഭാരതത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഭാരതത്തിന്റെ രാഷ്ട്രതലവന്‍ എന്നാണ് മോദിയെ ബോര്‍ഡില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ജി20 ഉച്ചക്കോടിക്ക് മുമ്പ് പ്രസിഡന്റ് ദ്രൗപതി മുര്‍മ്മുവിന്റെ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലും ഭാരത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നായിരുന്നു മുര്‍മ്മുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെയാണ് ജി20 ഉച്ചകോടി വേദിയിലും ഭാരത് പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.
പുതിയ സംഭവത്തോടെ പേരുമാറ്റ അഭ്യൂഹം കുറച്ചുകൂടി ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ (I.N.D.I.A)യെ ഭയന്നാണ് രാജ്യത്തിന്റെ പേര് മാറ്റുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതോടെ ഇന്ത്യ – ഭാരത് ചര്‍ച്ച വന്‍ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇതുവഴിമരുന്നിട്ടിരുന്നു. പേരുമാറ്റത്തെ അനുകൂലിച്ച് നിരവധി ബിജെപി നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു.