അടൂര്‍ : നാടെങ്ങും ഗാന്ധി ജയന്തി ആഘോഷമാക്കിയപ്പോള്‍ രാഷ്ര്‌ടപിതാവിന്‍റെ പേരിലുള്ള ഗാന്ധി സ്‌മൃതി മൈതാനം നാശത്തിന്‍റെ വക്കിലെത്തി നിക്കുന്നത് ആരും ശ്രദ്ധിച്ചില്ല. കോടികളുടെ പദ്ധതികള്‍ പലതും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. രഥ ചക്രം പിടിപ്പിച്ച് മനോഹരമാക്കിയ മൈതാനത്തിന്റെ ചുറ്റുമതില്‍ ഒരു വശം തകര്‍ന്നിട്ട് വര്‍ഷം പലത് കഴിഞ്ഞു. ഇവിടെ കോടികളുടെ പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനം വെറും പ്രഹസനം മാത്രം. ചുറ്റുമതില്‍ ഏതു നിമിഷവും പൂര്‍ണ്ണമായി നിലം പൊത്താം. നേരത്തേ 15 ലക്ഷം രൂപ ചെലവിട്ട് നടത്തിയ നവീകരണ പ്രവര്‍ത്തനം മിക്കതും നശിച്ചു.
ഇവിടം കുട്ടികളുടെ പാര്‍ക്കാക്കുമെന്നായിരുന്നു പ്രഖ്യാപനം. പാര്‍ക്ക് പോയിട്ട് മൈതാനത്തൊന്ന് കയറി നിള്‍ക്കാന്‍ പോലും കഴിയാത്ത അവസ്‌ഥയില്‍ അവ തകര്‍ന്നു. സ്ഥലം മണ്ണിട്ട് നിരപ്പാക്കിയ ശേഷം മരങ്ങള്‍ക്ക് ചുറ്റും സംരക്ഷണ തറ നിര്‍മ്മിച്ചു. കളിക്കോപ്പുകളും ഗേറ്റും സ്‌ഥാപിച്ചു. . ഗാര്‍ഡന്‍, ബഞ്ച് എന്നിവ പെയിന്റ് ചെയ്‌തു. എന്നാല്‍ തറയോട് പാകിയത് പലയിടത്തും പൊിളിഞ്ഞു. മരങ്ങള്‍ക്ക് ചുറ്റും നിര്‍മ്മിച്ച കല്‍ക്കെട്ട് തകര്‍ന്നു. ടി.വി കിയോസ്‌ക് ഏതു നിമിഷവും റോഡിലേക്ക് തകര്‍ന്ന് വീഴാറായ നിലയിലാണ്. തറയോടിന്റെ നിറം മങ്ങി. 75000 രൂപ ചെലവിട്ട് ജലധാര നിര്‍മ്മിച്ചെങ്കിലും വെള്ളം ഫൗണ്ടനിലെത്തിക്കാന്‍ സംവിധാനം ഒരുക്കാത്തതിനാല്‍ പ്രവര്‍ത്തനമില്ല. വിളക്കുമരവും നശിച്ചു. ഗാന്ധിജിയുടെ പേരിലുള്ള ഈ മൈതാനം ഇപ്പോള്‍ പൂര്‍ണമായും നാശത്തിന്റെ വക്കിലാണ് . ഇനിയെങ്കിലും ഈ മൈതാനത്തിന് ഒരു ശാപമോക്ഷം ഉണ്ടാകുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.