കവിയൂർ : ഗണേശോത്സവം അഞ്ചിന് വൈകിട്ട് അഞ്ചിന് വിളംബരഘോഷയാത്രയോടെ ആരംഭിക്കും. പലിപ്ര ദേവീക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കവിയൂർ ദേശത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരികകേന്ദ്രങ്ങളിലൂടെയും പ്രദക്ഷിണം നടത്തി ഗണപതിവിഗ്രഹ പ്രതിഷ്ഠ നടത്തുന്ന കാവുങ്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ സമാപിക്കും. ആറിന് വൈകിട്ട് ആറിന് യജ്ഞഹോതാവ് മൂത്തേടത്തില്ലം കൃഷ്ണരുടെ മുഖ്യകാർമികത്വത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തും. ഏഴിന് 11-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രക്ഷാധികാരി ഡോ. ബി.ജി.ഗോകുലൻ അധ്യക്ഷത വഹിക്കും.
കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ പ്രാവീണ്യംതെളിയിച്ച വ്യക്തികളെ ആദരിക്കും. ഏഴിന് പുലർച്ചെ അഞ്ചിന് മിഴിതുറക്കൽ, 5.30-ന് അഷ്ടദ്രവ്യ ഗണപതിഹോമം, എട്ടിന് പുരാണ പാരായണം, ഒന്നിന് പ്രസാദമൂട്ട്, ആറിന് ഗണേശവിഗ്രഹപൂജയും ദീപാരാധനയും രാത്രി എട്ടിന് ഭജനയും നടക്കും. എട്ടിന് എട്ടുമുതൽ പുരാണപാരായണം, ഒന്നിന് വിദ്യാർഥികളുടെ കലാ-കായികമത്സരങ്ങൾ, വൈകിട്ട് ആറിന് ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര പലിപ്ര ദേവീക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ നിമജ്ജനം നടത്തും. ഗണേശസേവാനിധിയുടെ ഉദ്ഘാടനം രക്ഷാധികാരി ഡോ. ബി.ജി.ഗോകുലൻ, ഉത്സവ വിളംബരം രക്ഷാധികാരി കെ.സി.പ്രദീപ് ചന്ദ് എന്നിവർ നിർവഹിച്ചു.