മൂവാറ്റുപുഴ : അനധികൃത മദ്യവില്‍പ്പനക്കാരെ പിടികൂടാനായി എത്തിയ സിവില്‍ എക്സൈസ് ഓഫീസറെ മര്‍ദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ബിവറേജസ് ഔട്ട് ലെറ്റിനു സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. മൂവാറ്റുപുഴ എക്സൈസ് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ജിഷ്ണു മനോജിനാണ് (28) മര്‍ദനമേറ്റത്. ജിഷ്ണു മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിസലാണ്.
ഔട്ട് ലെറ്റില്‍ നിന്നും അമിതമായി മദ്യം വാങ്ങിയ ശേഷം വില്‍പ്പന നടത്തുന്നസംഘം സജീവമാണെന്നുള്ള പരാതിയെതുടര്‍ന്ന് ഔട്ട് ലെറ്റിനു മുന്നില്‍ മഫ്തിയില്‍ പരിശോധനക്കെത്തിയതായിരുന്നു ജിഷ്ണു. ഇതിനിടെ മദ്യ കുപ്പിളുമായി എത്തിയ സംഘത്തോട് വിവരം ചോദിക്കുന്നതിനിടെയാണ് അധ്യാപകന്‍ ഉള്‍പ്പെടെയുള്ള സംഘം മദ്യ ലഹരിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചത്.
ടൂറിസ്റ്റ് ബസില്‍ വിവാഹ ചടങ്ങ് കഴിഞ്ഞ് എത്തിയ കല്ലൂര്‍ക്കാട് പെരുമാംകണ്ടത്തുള്ള സംഘത്തിലുള്ളവരാണ് മദ്യക്കുപ്പികളുമായി കറങ്ങി നടക്കുന്നതു കണ്ട് മദ്യം എവിടെ നിന്നാണെന്നു ചോദിച്ചതോടെയാണ് ആക്രമണം ഉണ്ടായത്. മഫ്തിയില്‍ ആയിരുന്നു ജിഷ്ണുവിനെ സംഘങ്ങള്‍ കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും മര്‍ദനം തുടര്‍ന്നു.
ഇതിനിടയില്‍ ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ ഫോണും തട്ടിയെടുത്തു. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് ഫോണും തിരിച്ചറിയല്‍ കാര്‍ഡും തിരികെ വാങ്ങിയത്. നാട്ടുകാരും സ്ഥലത്തെത്തിയ ജിഷ്ണുവിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ജിഷ്ണുവിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിഷ്ണുവിന്റെ കൈകള്‍ക്കും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.കെ.അനില്‍കുമാര്‍ ജിഷ്ണുവിനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപെട്ട് അധ്യാപകന്‍ ഉള്‍പ്പെടെ അഞ്ചുപേരെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്.