മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി. സ്ഥാപനത്തിന്റെ വാതിലുകൾ പൊളിച്ച് അകത്തുകയറി സിസിടിവി ക്യാമറകൾ, മോട്ടോറുകൾ, കേബിളുകൾ ഉൾപ്പെടെ 2,25,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച അന്തര്‍ സംസ്ഥാന മോഷ്ടാക്കളെയാണ് കുറത്തികാട് പോലീസ് അറസ്റ്റുചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷംസുർ (27), മുഹമ്മദ് സുമൻ (33) ഡൽഹി സ്വദേശിയായ മുഹമ്മദ് സൽമാൻ (29) എന്നിവരാണ് അറസ്റ്റിലായത്. മെയ് ഏഴാം തീയ്യതിയാണ് മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടന്നത്. സർക്കിൾ ഇൻസ്പെക്ടർ പി.കെ മോഹിതിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കല്ലുമല മുതല്‍ കരുവാറ്റ വരെയുള്ള നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മോഷണം നടത്തിയ ശേഷം പ്രതികള്‍ ഹരിപ്പാട്ടുള്ള താമസ സ്ഥലത്തുനിന്നും മാറി നൂറനാട് പുതിയ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. പകല്‍ സമയങ്ങളില്‍ ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന സഞ്ചരിച്ച് മോഷണം നടത്തുവാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി രാത്രി കാലങ്ങളില്‍ മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര സൈക്കിളില്‍ എത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികൾക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. കുറത്തികാട് സബ് ഇൻസ്പെക്ടർ വി. ഉദയകുമാര്‍, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാജേഷ് ആര്‍ നായര്‍, രജീന്ദ്രദാസ്, എസ്.പി.ഒ ശ്യാംകുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.