ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി നേതാവിനെയും മകനെയും അക്രമി സംഘം കൊലപ്പെടുത്തി. ബിജെപി പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ സുല്‍ഫിക്കര്‍ ഖുറേഷി (57), ജബ്ബാസ് ഖുറേഷി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സുന്ദര്‍ നഗ്രി മേഖലയിലാണ് സംഭവം.
ഖുറേഷി മകനോടൊപ്പം രാവിലെ വീട്ടില്‍ നിന്ന് അടുത്തുള്ള പള്ളിയിലേക്ക് പോവുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തലയ്ക്ക് വെടിയേറ്റ സുല്‍ഫിക്കര്‍ ഉടന്‍ തന്നെ മരിച്ചു, ജബ്ബാസിനെ അക്രമികള്‍ മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.
പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും പ്രഥമദൃഷ്ട്യാ വൃക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കിയതായും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.