ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. പെഡപ്പള്ളിയില്‍ ജില്ലയിലെ രാമഗിരി മണ്ഡലില്‍ വെച്ചാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കല്‍വച്ചേലയിലെ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് ഒരു സംഘം ആളുകള്‍ എത്തി ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമി സംഘത്തെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
അഭിഭാഷകരായ വാമന്‍ റാവു, ഭാര്യ നാഗമാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദില്‍ നിന്ന് ജന്മനാടായ മന്ദാനിയിലേക്ക് കാറില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെക്കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആക്രമണത്തിന് ശേഷം പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടതിനാല്‍ ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പടേയുള്ള എല്ലായിടങ്ങളിലും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പോലീസ് പറഞ്ഞു.