ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗ കേസിലെ അതിജീവിതയായ പതിനൊന്നുകാരിയുടെ വീടിന് തീയിട്ട സംഭവത്തില്‍ അതേ പീഡനക്കേസില്‍ പ്രതികളായ രണ്ടു പേര്‍ പിടിയില്‍. തിങ്കളാഴ്ചയാണ് പീഡനക്കേസിലെ മുഖ്യപ്രതിയും കൂട്ടാളികളും ചേര്‍ന്ന് അതിജീവിതയുടെ വീടിന് തീയിട്ടത്. ഇതേത്തുടര്‍ന്ന് പതിനൊന്നുകാരിയുടെ കുഞ്ഞിനും രണ്ടു മാസം മാത്രം പ്രായമുള്ള സഹോദരിക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ കുടുംബം സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
2022 ഫെബ്രുവരി 13നാണ് മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. അമന്‍, സതീഷ്, അരുണ്‍ എന്നിവരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ സതീഷിനും അരുണിനും ജാമ്യം ലഭിച്ചു. രണ്ടു മാസം മുന്‍പാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. തിങ്കളാഴ്ച ഇരുവരും കൂട്ടാളികളുമായി എത്തി പെണ്‍കുട്ടിയുടെ വീടിന് തീയിടുകയായിരുന്നു.