തിരുവല്ല : അലക്ഷ്യമായ മാലിന്യം തള്ളൽ കാരണം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സിലെ ടോയ്ലറ്റിന്റെ പ്രവർത്തനം രണ്ടുദിവസം തടസപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പൊതു ടോയ്ലെറ്റിൽ നിന്നുള്ള ഡ്രൈനേജ് ലൈനിൽ മാലിന്യം ഒഴുകിപോകാത്ത വിധത്തിൽ തടസം നേരിടുകയായിരുന്നു. പരിശോധനയിൽ പ്ലാസ്‌റ്റിക് കുപ്പികൾ, സാനിറ്ററി പാഡുകൾ, മൊബൈൽ ഫോൺ അടക്കമുള്ള പാഴ് വസ്തുക്കളുടെ വലിയ ശേഖരം ഡ്രൈനേജ് ലൈനിൽ നിന്ന് പുറത്തെടുത്തു. കോംപ്ലക്‌സിലെ മാൻഹോൾ അടക്കമുള്ള ഡ്രൈനേജ് ലൈനുകൾ സ്‌ഥിതിചെയ്യുന്നത് ബസുകൾ കടന്നുപോകുന്ന ഭാഗത്ത് ആയതിനാൽ പകൽ സമയങ്ങളിൽ ഇവിടെ ജോലി ചെയ്യുന്നതിന് സാങ്കേതിക തടസങ്ങൾ ഏറെയാണ്. ഇതുമൂലം രാത്രിയിലാണ് ഡ്രൈനേജിലെ തടസങ്ങൾ നീക്കുന്ന ജോലികൾ ചെയ്യാൻ ചുമതലപ്പെടുത്തിയത്.
തടസങ്ങൾ നീക്കിയതോടെ പ്രശ്നം പരിഹരിക്കുകയുണ്ടായി. ഒരുദിവസം പിന്നിട്ടതോടെ വീണ്ടും മാലിന്യനീക്കം തടസപ്പെട്ട് ടോയ്ലെറ്റ് ഉപയോഗിക്കാനാവാത്ത സ്ഥിതിയായി. വീണ്ടും തൊഴിലാളികളുടെ സഹായത്തോടെ രാത്രിയിൽ ശുചീകരണം നടത്തിയാണ് ടോയ്ലെറ്റ് പ്രവർത്തിപ്പിച്ചത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ബസ് സ്റ്റേഷനിലെ ടോയ്ലെറ്റ് ദിവസവും ഉപയോഗിക്കുന്നത്. ഇതിന്റെ ഉള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ വേസ്റ്റ് ബിൻ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഇടാതെ അലക്ഷ്യമായി മാലിന്യങ്ങൾ തള്ളുന്നതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ടോയ്ലറ്റ് പ്ര വർത്തിക്കാതെ വരുമ്പോൾ അടച്ചുപൂട്ടിയിടുകയാണ് പതിവ്. ചിലർ ഉണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങൾ കാരണം മറ്റു യാത്രക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കാനാവാതെ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാകുന്നു.