കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഓടകൾ വൃത്തിയാകാത്തത് മൂലം മാലിന്യം കെട്ടിക്കിടക്കുന്നത് പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സംസ്ഥാന പാതയുടെ ടാറിങ് പൂർത്തിയായെങ്കിലും ഓടകൾ ഇതുവരെ വൃത്തിയാക്കിയിട്ടില്ല. ഇതിനാൽ തന്നെ ഓടക്കുള്ളിൽ കെട്ടി കിടക്കുന്ന വെള്ളത്തിൽ നിന്നും ദുർഗന്ധം വമിക്കുകയാണ്. ഇതിനോടൊപ്പം തന്നെ കടകളിൽ നിന്നും മലിന ജലം പൈപ്പ് ഇട്ട് ഒഴുകാത്ത ഓടക്കുള്ളിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതും ഓടക്കുള്ളിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമാണ് ഈ തരത്തിൽ കത്തിക്കുന്നത്. ഇത് പൊതുജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഓടയിൽ കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് വളരുന്ന സാഹചര്യം വർധിക്കുകയാണ്. കോന്നി താലൂക്ക് വികസന സമിതിയിൽ അടക്കം ഈ വിഷയം ചർച്ച ചെയ്യപെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഓടയുടെ വായുകടക്കാൻ ഉള്ള ഭാഗത്ത് കൂടി പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മാലിന്യങ്ങൾ ഉള്ളിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. ഓടകളിലേക്ക് മാലിന്യം തള്ളുന്ന സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.