പത്തനംതിട്ട : കൊടുമൺ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അംഗനവാടിയിലെ ഗ്യാസ് സിലിണ്ടർ ലീക്കായി. വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. കൊടുമൺ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഐക്കാട് പ്രവർത്തിക്കുന്ന 101 ആം നമ്പർ അംഗനവാടിയിലെ ഗ്യാസ് സിലിണ്ടറാണ് ലീക്കായത്. ഐക്കാട് ഇടശ്ശേരിയത്ത് വീട്ടിലെ ദേവകിയമ്മയുടെ വീടിനോട് ചേർന്നുള്ള ഒരു ഭാഗത്തായിട്ടാണ് അംഗനവാടി പ്രവർത്തിക്കുന്നത്. രാവിലെ 5 മണിയോടെ ഗ്യാസിന്റെ മണം പടർന്നതോടെ ദേവകിയമ്മ ഉണർന്ന് അടുക്കള പരിശോധിച്ചപ്പോഴാണ് ഗ്യാസ് സിലിണ്ടർ ലീക്കാവുന്നത് കണ്ടത്. ദേവകിയമ്മ തനിച്ചാണ് വീട്ടിൽ താമസം. അപകടം മണത്ത ഉടൻ തന്നെ ഇവർ അയൽവാസികളെ വിവരം അറിയിക്കുകയും അവർ അടൂർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. വീട് മുഴുവൻ ഗ്യാസ് നിറഞ്ഞ അവസ്ഥയിലായിരുന്നു. ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി സിലിണ്ടർ അടുക്കളയിൽ നിന്നും പുറത്തേക്ക് മാറ്റി. സിലിണ്ടറിന്റെ അടിവശം ദ്രവിച്ച് ഓട്ട വീണ നിലയിലായിരുന്നു. 2026 മാർച്ച് മാസം വരെ എക്സ്പയറി ഡേറ്റ് ഉള്ള സിലിണ്ടറിന്‍റെ ചുവട് ദ്രവിച്ച് പൊളിഞ്ഞ അവസ്ഥയിലായിരുന്നു.
പറക്കോട്ട് പൂർണിമ ഗ്യാസ് ഏജൻസിയുടെ വിതരണത്തിലുള്ളതാണ് സിലിണ്ടർ എന്ന് വീട്ടുകാർ അറിയിച്ചു. ഗ്യാസ് ലീക്കായത് അറിയാതെ രാവിലെ എഴുന്നേറ്റ് സിലിണ്ടർ കത്തിക്കാൻ ശ്രമിക്കുകയോ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്യുകയോ മറ്റോ ചെയ്താൽ ഒരുപക്ഷേ തീ പിടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ലീക്കായ സിലിണ്ടർ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി ഗ്യാസ് പൂർണമായി ചോർത്തി കളയുകയും മുറിക്കുള്ളിൽ അടിഞ്ഞുകൂടിയ ഗ്യാസ് എക്സ് ഹോസ്റ്റ് ബ്ലോവർ ഉപയോഗിച്ച് ഫയർഫോഴ്സ് പുറത്തേക്ക് അടിച്ചു കളയും ചെയ്തു. സംഭവം സമയത്ത് അംഗനവാടിയിൽ കുട്ടികൾ ഇല്ലാതിരുന്നതിനാലും സിലിണ്ടർ കൂടുതൽ ലീക്ക് ആകുന്നതിനു മുമ്പ് തന്നെ വീട്ടമ്മ ഇത് കണ്ടെത്തിയതുകൊണ്ടും വലിയ അപകടം ഒഴിവായി.