കറാച്ചി : പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ വാതക ചോര്‍ച്ചയില്‍ കുട്ടികളടക്കം 16 പേര്‍ മരിച്ചു. ബുധനാഴ്ച ക്വറ്റയിലെ കിള്ളി ബദേസായി പ്രദേശത്ത് വാതക ചോര്‍ച്ചയെത്തുടര്‍ന്ന് വീടിനുള്ളില്‍ സ്‌ഫോടനം ഉണ്ടായി ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.
സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉറങ്ങുകയായിരുന്നപ്പോള്‍ മുറിയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വീടിന്‍റെ ഭിത്തികള്‍ തകരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജനുവരി 15 ന് തണുപ്പ് മൂലം ഒരു കുടുംബം ഹീറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം ഉണ്ടായതായി പോലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ ദമ്പതികളും അവരുടെ 4 നും 14 നും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളും മരിച്ചു. ക്വറ്റയിലെ സാറ്റലൈറ്റ് ടൗണ്‍ ഏരിയയില്‍ ജനുവരി 14 ന് രാത്രിയാണ് സംഭവം. മറ്റൊരു സംഭവത്തില്‍ ക്വറ്റയിലെ മറ്റൊരു പ്രദേശത്ത് ഒരു പോലീസ് സബ് ഇന്‍സ്പെക്ടര്‍ തന്‍റെ മുറിയില്‍ ഗ്യാസ് ശ്വസിച്ച് മരിച്ചു.
കഴിഞ്ഞയാഴ്ച മുതല്‍ ദിവസവും പത്തിലധികം പേര്‍ വാതക ചോര്‍ച്ച മൂലം മരിക്കുന്ന ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഇത്തരം സംഭവങ്ങളില്‍ ഡസന്‍ കണക്കിന് ആളുകള്‍ ബോധരഹിതരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാത്രിയില്‍ താപനില -7 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെ ബലൂചിസ്ഥാന്‍ കഴിഞ്ഞ ഒരു മാസമായി കൊടും തണുപ്പിന്‍റെ പിടിയിലാണ്.