ചെങ്ങന്നൂര്‍ : കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോട്ട പ്രഭുറാം മില്‍സില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ ഒത്തുചേരലും സ്നേഹവിരുന്നും 21 ന് ചെങ്ങന്നൂരില്‍ നടക്കും. ക്രിസ്ത്യന്‍ കോളജ് കവലയിലെ പ്രിയാ ഹോട്ടല്‍ഹാളില്‍ രാവിലെ 10 മുതല്‍ ആയിരിക്കും പരിപാടികള്‍ നടക്കുക. പ്രഭുറാം മില്‍സിന്റെ തുടക്കം മുതല്‍ വിവിധ ഘട്ടങ്ങളിലായി ജോലിയില്‍ പ്രവേശിക്കുകയും സര്‍വ്വീസ് കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞു പോയവരും വോളണ്ടിയര്‍ റിട്ടയര്‍മെന്റടക്കമുള്ള എല്ലാ വിഭാഗം ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കൂട്ടായ്മയാണ് വിഭാവനം ചെയ്തിട്ടുള്ളത്. മില്ലില്‍ നിന്നും വിരമിച്ച ജീവനക്കാരില്‍ എതാനും പേർ മുന്‍കൈയെടുത്താണ് ഒത്തുചേരല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടുന്നതിനും സൗഹൃദം പങ്കു വയ്ക്കുന്നതിനും പുറമേ, വിവിധ തരത്തില്‍ ജീവിത ക്ലേശങ്ങള്‍ അനുഭവിക്കുന്നവരും സഹായം ആവശ്യമുള്ളവരുമായ ജീവനക്കാരെ കണ്ടെത്തുന്നതിനും, അത്തരത്തിലുള്ള കുടുംബങ്ങളെ മുന്‍ നിര്‍ത്തി സാധ്യമായ ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും കൂടിയാണ് ഒത്തുചേരലിലൂടെ പ്രധാനമായും സംഘാടകര്‍ ലക്ഷ്യമിടുന്നത്. ക്ലീനിങ് / അറ്റന്റര്‍ / തൊഴിലാളി മുതല്‍ മാനേജര്‍ തസ്തികയില്‍ നിന്നു വിരമിച്ചവര്‍ വരെ ഈ സ്നേഹവിരുന്നില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ മുന്‍ ജീവനക്കാര്‍ – ശിവന്‍ കുട്ടി, എം.കെ രാജേന്ദ്രന്‍, കെ.വി ജയപ്രകാശ് എന്നിവര്‍ അറിയിച്ചു. പങ്കെടുക്കാന്‍ ബന്ധപ്പെടുക : 9495033402, 9447112774, 9446170718