മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ അടുത്ത സൗഹൃദങ്ങള്‍ ഇല്ലെന്നും കളിക്കാരെല്ലാം സഹതാരങ്ങള്‍ മാത്രമാണെന്നും സ്പിന്നര്‍ ആര്‍ അശ്വിന്‍ തുറന്നു പറഞ്ഞിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറും അശ്വിന്‍റെ അഭിപ്രായത്തെ ശരിവെക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാര്‍ തമ്മില്‍ ദൃഢമായ ബന്ധമോ സൗഹൃദങ്ങളോ ഇല്ലെന്നും ഇത് തീര്‍ത്തും നിരാശാജനകമാണെന്നും ഗവാസ്കര്‍ പറഞ്ഞു. ദു:ഖകരമായ ഒരു വസ്തുതയാണത്. കളി കഴിയുമ്പോള്‍ കളിക്കാര്‍ തമ്മില്‍ ഒരുമിച്ചിരിക്കാനും കളിയെക്കുറിച്ചല്ലാതെ സംഗീതമോ സിനിമയോ പോലുള്ള പൊതു കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കാനുമുള്ള ഒരു സൗഹൃദാന്തരീക്ഷം ഇപ്പോഴില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് തീര്‍ത്തും നിരാശാജനകമാണ്.
20 വര്‍ഷം മുമ്പ് വരെ ഇങ്ങനെയായിരുന്നില്ല. ഇപ്പോള്‍ ഹോട്ടലില്‍ ഓരോ കളിക്കാര്‍ക്കും താമസിക്കാന്‍ ഒരോ മുറിയായ ശേഷമുള്ള മാറ്റമായിരിക്കാം ഇതെന്നും ഗവാസ്കര്‍ ഇന്ത്യന്‍ എക്സ്പ്രസിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയില്‍ നിന്ന് ഞാനേറെ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചല്ല, വിദേശത്ത് മികച്ച പ്രകനം നടത്തുക എന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ യഥാര്‍ത്ഥ പരീക്ഷണം. അവിടെയാണ് രോഹിത് നിരാശപ്പെടുത്തുന്നതും. ഇത്രയേറെ ഐപിഎല്‍ മത്സരങ്ങളും രാജ്യാന്തര മത്സരങ്ങളും കളിച്ചതിന്‍റെയും നയിച്ചതിന്‍റെയും അനുഭവസമ്പത്തുണ്ടായിട്ടും ഐപിഎല്ലിലെ ഏറ്റവും മികച്ച കളിക്കാരെ ടീമില്‍ കിട്ടിയിട്ടും ടി20 ലോകകപ്പ് പോലൊരു ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പോലും എത്താന്‍ ഇന്ത്യക്കായില്ല.