നീണ്ട പൂജ അവധി തുടങ്ങുകയാണ്. ഈ ദിവസങ്ങളിൽ ഒരു ട്രിപ്പെങ്കിലും പോയില്ലെങ്കിൽ അത് വലിയ നഷ്ടമായിപ്പോകും. എന്നാൽ അവധി പ്രമാണിച്ച് യാത്രകൾ പ്ലാൻ ചെയ്താലോ കീശ കാലിയാകുമെന്ന കാര്യത്തിൽ തർക്കവുമില്ല. അങ്ങനെയെങ്കിൽ പൈസ അധികം പൊടിക്കാതെ ചിലവ് കുറഞ്ഞൊരു യാത്ര സെറ്റാക്കിയാലോ? കെ എസ് ആർ ടി സിയുടെ വെഞ്ഞാറമൂട് ഡിപ്പോയാണ് പൂജ അവധിയോടനുബന്ധിച്ച് യാത്ര പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. പാക്കേജുകളെ കുറിച്ച് അറിയാം. പൂജ അവധി ദിനമായ 24 നാണ് ഒരു യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അത് വാഗമണ്ണിലേക്കാണ്. ഇടുക്കിയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് വാഗമൺ. പ്രകൃതിരമണീയമായ കാഴ്ചകളും മഴയും കോടയും കാറ്റും എല്ലാമായി ഒരു ദിവസം പോകുന്നത് പോലും അറിയില്ല. യാത്രയിൽ വാഗമൺ പൈൻ ഫോറസ്റ്റ്, പാർക്കുകൾ, വ്യൂ പോയിന്റുകൾ എന്നിവയെല്ലാം സന്ദർശിക്കാം. ഉച്ചഭക്ഷണവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് 980 രൂപയാണ് യാത്രയ്ക്കായി ഈടാക്കുന്നത്.
വെഞ്ഞാറമൂടിൽ നിന്ന് 25 നാണ് മറ്റൊരു യാത്ര. ഗവിയിലേക്കാണ് പാക്കേജ്. വനത്തിന്‍റെ വന്യത ആസ്വദിച്ച് കൊണ്ടൊരു ഏവരേയും കൊതിപ്പിക്കുന്നൊരു യാത്രയായിരിക്കും ഗവി എന്ന കാര്യത്തിൽ തർക്കമില്ല. ഏകദേശം 90 കിമിയാണ് കാട്ടിലൂടെ ബസിൽ യാത്ര തുടരേണ്ടത്. യാത്രയിലുടനീളം അരുവികളും വന്യമൃഗങ്ങളുമെല്ലാം യാത്രക്കാർക്ക് വിസ്മയിപ്പിക്കുന്ന കാഴ്ചയൊരുക്കാൻ തയ്യാറായി നിൽപ്പുണ്ടാകും. കെഎസ്ഇബിയുടെ കീഴിലുള്ള 8 ഡാമുകൾ ഈ വഴിയിൽ ഉണ്ട്. ഇതിൽ മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിവയും യാത്രക്കാർക്ക് കാണാൻ അവസരം ഉണ്ട്. ഗവിയിലെത്തിയാൽ ബോട്ടിംഗ് കൂടി യാത്രയുടെ ഭാഗമായി ആസ്വദിക്കാനാകും. എൻട്രി ഫീ, ഗവി ബോട്ടിംഗ്, ഉച്ച ഭക്ഷണം ഉൾപ്പെടെ 1750 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുക. ഒക്‌ടോബർ 29 ന് ഗുരുവായൂരിലേക്കൊരു തീർത്ഥയാത്രയും വെഞ്ഞാറമൂട് നിന്ന് നടത്തുന്നുണ്ട്. 29 ന് രാത്രി 8 മണിക്ക് തിരിച്ച് 30 തിങ്കൾ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന തരത്തിലാണ് യാത്ര തയ്യാറാക്കിയിരിക്കുന്നത്. ഗുരുവായൂർ, ആനക്കോട്ട, മമ്മിയൂർ, വടക്കുംനാഥ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമായിരിക്കും മടക്കം. ഉച്ചഭക്ഷണം ഉൾപ്പടെ 1480 രൂപയാണ് ഒരാൾക്കുള്ള ചെലവ്. യാത്രകളെ കുറിച്ചുള്ള കൂടുതൽ വിലവരങ്ങൾക്കും ബുക്കിംഗിനും 9447324718,04722874141 എന്നീ നമ്പറിൽ ബന്ധപ്പെടാം.