തിരുവനന്തപുരം : ലിംഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അനുകൂലമായരീതിയിൽ പ്രോട്ടോകോൾ തയ്യാറാക്കാൻ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു. അനന്യയുടെ ആത്മഹത്യക്കുശേഷം ചേർന്ന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗത്തിലാണ് ഇക്കാര്യം തിരുമാനിച്ചതെന്ന് കെ.ശാന്തകുമാരിയുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സംസ്ഥാനത്ത് നിലവിൽ പ്രോട്ടോകോൾ ഇല്ല. സ്വകാര്യ ആശുപത്രികൾ മുഖേനയാണ് ഇവ നടക്കുന്നത്. ഇതിൽ ചികിത്സാരീതികൾ, ചെലവ്, തുടർചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഏകീകൃത മാനദണ്ഡമില്ല. സർക്കാർമേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകുന്നത് സംബന്ധിച്ചും സമിതി പരിശോധിക്കും. ആരോഗ്യവിദഗ്ധർക്കൊപ്പം ട്രാൻസ്ജെൻഡർ പ്രതിനിധികളെയും അവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരുവ്യക്തിയെയും സമിതിയിൽ ഉൾപ്പെടുത്തും -മന്ത്രി പറഞ്ഞു.