തിരുവനന്തപുരം : ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു. വിദഗ്ധ സമിതിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധിയും ഉണ്ടാകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരിയുടെ മരണം ഉന്നയിച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രോട്ടോക്കോള്‍ വേണമെന്ന് ചൂണ്ടിക്കാട്ടി കെ.ശാന്തകുമാരിയാണ് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത്. ലിംഗ മാറ്റ ശസ്ത്രക്രിയക്ക് നിലവില്‍ സംസ്ഥാനത്ത് പ്രോട്ടോക്കോള്‍ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി ആര്‍.ബിന്ദു ചികിത്സാ പിഴവ് അടക്കം പരിഹരിക്കേണ്ടത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് വിശദീകരിച്ചു. ശസ്ത്രക്രിയക്ക് പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധിയും സമിതിയിലുണ്ടാകും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.
കേരളത്തില്‍ കോവിഡ് വാക്സിനേഷന്‍ കുറവെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാദം തെറ്റെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. 1.29 കോടി ഒന്നാം ഡോസും 56 ലക്ഷം രണ്ടാം ഡോസും ഇന്നലെ വരെ സംസ്ഥാനത്ത് നല്‍കി. ഇത് ദേശീയ ശരാശരിയെക്കാളും ഇരട്ടിയാണെന്നും ആരോഗ്യമന്ത്രി ശ്രദ്ധക്ഷണിക്കലിന് മറുപടിയായി പറഞ്ഞു.
ദേശീയ പാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് അനുമതി വൈകുന്നതിനെതിരെ കേന്ദ്ര ഗതാഗത മന്ത്രിക്ക് കത്ത് നല്‍കിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ചോദ്യോത്തരവേളയില്‍ സഭയെ അറിയിച്ചു. കുതിരാന്‍ തുരങ്കത്തിന്‍റെ ഒരു ടണല്‍ ആഗസ്ത് ഒന്നിന് തന്നെ തുറക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.