പത്തനംതിട്ട : ചികിത്സ വേണ്ടത് രോഗിക്കോ അതോ ആശുപത്രിക്കൊ ?. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയാല്‍ തോന്നുന്ന സംശയമാണ്. ആശുപത്രി നവീകരിക്കുവാനും ആധുനിക ചികിത്സാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും ലക്ഷങ്ങളും കോടികളും ഒഴുക്കുകയാണ്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഒരുക്കുവാന്‍ ആര്‍ക്കും താല്പര്യമില്ല. ആരെയും അനുസരിക്കാത്ത ആശുപത്രി സൂപ്രണ്ടും നോക്കുകുത്തിയായി നിലകൊള്ളുന്ന മാനേജിംഗ് കമ്മിറ്റിയും ആശുപത്രിയുടെ മേല്‍നോട്ടമുള്ള പത്തനംതിട്ട നഗരസഭയുമായി ശീത സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എം.എല്‍.എയും ഇക്കാര്യത്തിലൊന്നും തലയിടാത്ത എം.പിയും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ. അതുകൊണ്ടുതന്നെ പരാതിയും പരിഭവവും ഇല്ലാതെ ആശുപത്രിയില്‍ എത്തുന്നവര്‍ എല്ലാം സഹിക്കുകയാണ്.
പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ ഐ.സി.യു വിഭാഗത്തിലേക്കുള്ള ലിഫ്റ്റ് തകരാറിലായിട്ട് ഒരു മാസത്തിലധികമായി. നടക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികളും പടികള്‍ കയറിയിറങ്ങുന്ന കാഴ്ച അധികൃതരുടെ കണ്ണ്‍ തുറപ്പിക്കില്ല എന്നറിയാം. എങ്കിലും പറയാതിരിക്കുവാന്‍ കഴിയില്ല. രോഗികള്‍ പലരും പടികളില്‍ വീഴുന്നുണ്ട്. ഇതൊന്നും അവിടെയുള്ള ജീവനക്കാര്‍ കണ്ടെന്നു നടിക്കാറില്ല. ഇതേ കെട്ടിടത്തില്‍ തന്നെയാണ് പ്രസവ വാർഡും ഓർത്തോ വാർഡും. എന്നിട്ടും ഈ ലിഫ്റ്റ് അടിയന്തിരമായി നന്നാക്കുവാന്‍ ആരും തുനിഞ്ഞില്ല എന്നത് ഏറെ ഗൗരവമുള്ള കാര്യംതന്നെയാണ്.