ഹാൻഡ് ലഗേജിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒരു യുവാവ് പിടിയിലായി. ഷൂട്ടിങ് പരിശീലിച്ച ഇയാൾ യാത്രയ്ക്കു മുൻപ് ബാഗിൽ നിന്ന് വെടിയുണ്ട എടുത്തു മാറ്റാൻ മറന്നു പോയി. അതാണ് അറസ്റ്റ് വരെ നീണ്ട നിയമനടപടിയിലേക്ക് നയിച്ചത്. ഷൂട്ടിങ് പരിശീലിച്ച കായികതാരങ്ങൾക്കു മാത്രമല്ല ആർമി ഉദ്യോഗസ്ഥർക്കു പോലും വെടിയുണ്ട വിമാനത്തിൽ ഹാൻഡ് ബാഗിൽ സൂക്ഷിക്കാൻ അനുമതിയില്ല. അതെല്ലാം ചെക്ക് ഇൻ ബാഗിലാണ് വെയ്ക്കേണ്ടത്. ഇത്തരത്തിൽ ഉണ്ടാകുന്ന ചെറിയ അശ്രദ്ധകൾ ചിലപ്പോൾ നമ്മുടെ വിമാനയാത്ര മുടങ്ങാൻ തന്നെ കാരണമാകും. കാരണം ചെറിയ ഒരു ബ്ലേഡ് അല്ലെങ്കിൽ കത്തി, ബാറ്ററികൾ ഇവയെല്ലാം വിമാനയാത്രയിൽ നമ്മൾ കൈയിൽ കരുതുന്ന ബാഗിൽ സൂക്ഷിക്കാൻ അനുമതിയില്ല.
കത്തിയും ബ്ലേഡും മാത്രമല്ല അതിലും വലിയ വില്ലൻമാരുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം അനുസരിച്ച് കായിക ഇനങ്ങളുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കൾക്ക് ഹാൻഡ് ലഗേജിൽ സ്ഥാനമില്ല. ബേസ്ബോൾ ബാറ്റുകൾ, അമ്പും വില്ലും, ക്രിക്കറ്റ് ബാറ്റുകൾ, ഗോൾഫ് ക്ലബ്ബുകൾ (ഗോൾഫ് കളിക്കാൻ ഉപയോഗിക്കുന്ന സ്റ്റിക്ക്), ഹോക്കി സ്റ്റിക്കുകൾ, ലാക്രോസ് സ്റ്റിക്കുകൾ, ബില്യാർഡ്സ് സ്നൂക്കർ എന്നിവ കളിക്കാൻ ഉപയോഗിക്കുന്ന കോല്, സ്കീ പോൾസ്, തോക്കുകൾ തുടങ്ങി നിരവധി വസ്തുക്കൾ ഹാൻഡ് ലഗേജിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇത്തരത്തിലുള്ള വസ്തുക്കളെല്ലാം ചെക്ക് ഇൻ സമയത്ത് കൊടുത്തുവിടുന്ന ലഗേജിൽ ഉൾപ്പെടുത്തേണ്ടതാണ്.