വാഷിംങ്ടണ്‍ : അമേരിക്കയില്‍ പോലീസ് ആക്രമണത്തില്‍ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയുള്ള പ്രതിഷേധം രാജ്യത്തെ പിടിച്ചു കുലുക്കുന്നു. ജോര്‍ജ് ഫ്‌ളോയ്ഡിനെ ആക്രമിച്ച പോലീസുകാര്‍ ഉള്‍പ്പെടുന്ന മിനിയപൊളിസ് വകുപ്പ് പിരിച്ച് വിട്ട് പുന:സംഘടിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. നഗരസഭ കൗണ്‍സിലര്‍മാരിലെ ഭൂരിപക്ഷ അഭിപ്രായത്തെ തുടര്‍ന്നാണ് പൊതു സുരക്ഷയ്ക്കായി നടപടി കൗണ്‍സില്‍ സ്വീകരിക്കുന്നത്.
സാമൂഹ്യ സുരക്ഷയ്ക്കായി കൂടുതല്‍ പുതിയ പൊതു വ്യവസ്ഥ പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന് മിനിയപൊളിസ് കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡര്‍ അറിയിച്ചു. നിലവിലെ പോലീസ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് പിരിച്ചു വിട്ട് പുന:സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് അലോന്‍ഡ്ര കാനോ ട്വീറ്റ് ചെയ്തു.
യുഎസ് നഗരങ്ങളില്‍ ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. ജോര്‍ജ് ഫ്ളോയ്ഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഡെറിക് ഷൗവിന്‍ എന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. നിരായുധനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പോലീസ് കഴുത്തില്‍ കാല്‍മുട്ടു കൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എട്ട് മിനിട്ടോളം പോലീസ് ഓഫീസര്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. നിലവില്‍ പ്രതിഷേധം അമേരിക്ക കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയടിക്കുന്നുണ്ട്.