ചെന്നൈ : തിരുവല്ല പുല്ലാട് ജി ആന്റ് ജി ഫൈനാൻസിയേഴ്സ് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി സിന്ധു വി.നായരെ ചെന്നൈയിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കമ്പനിയുടെ എം.ഡി.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യയാണ് സിന്ധു വി.നായർ. മുമ്പ് അറസ്റ്റിലായ ഗോപാലകൃഷ്ണൻ നായരും മകനും റിമാൻഡിൽ തുടരുകയാണ്. ഇതിനിടെയാണ് മൂന്നാം പ്രതിയായ സിന്ധു പിടിയിലായത്. ഇവരെ ഇന്ന് രാത്രിയോടെ തിരുവല്ല സ്റ്റേഷനിൽ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ഉടമകൾക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 124 കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്. 600 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ നിക്ഷേപകരില്‍ പലരും പരാതിയുമായി നീങ്ങിയിട്ടില്ല എന്നതിനാല്‍ തട്ടിപ്പിന്റെ യഥാര്‍ഥ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല.
അമിത പലിശ വാഗ്ദാനം ചെയ്താണ് ഉടമകൾ നിക്ഷേപം സ്വീകരിച്ചിരുന്നത്. ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ടു കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെ പലിശ വാഗ്ദാനം ചെയ്തിരുന്നു. 10 ലക്ഷം മുതൽ ഒരു കോടിയിലധികം രൂപവരെ നിക്ഷേപിച്ചവരുണ്ട്. നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുക തിരികെ നൽകാത്തതിനെ തുടർന്നാണ് നിക്ഷേപകർ പോലീസിൽ പരാതിപ്പെട്ടത്. മാസം തോറും നിക്ഷേപത്തിന്റെ ഒരു ശതമാനം വെച്ച് മടക്കിത്തരാമെന്ന് ഉടമകൾ നിക്ഷേപകരെ അറിയിച്ചിരുന്നു. പിന്നീടാണ് ഉടമകൾ മുങ്ങിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി 48 ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു.
പോലീസില്‍ പരാതികള്‍ കൂടിയതോടെ ഓമനക്കുട്ടന്‍ 2024 ജനുവരി അവസാനത്തോടെ കുടുംബമായി ഒളിവില്‍ പോയി. ഗോപാലകൃഷ്ണന്‍ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടി കമ്പനി ഉടമയ്ക്കു വിറ്റ ശേഷമാണു ഒളിവിൽ പോയത്. പോലീസ് ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെ മറ്റു മാര്‍ഗ്ഗമില്ലാതെ ഓമനക്കുട്ടനും (ഡി.ഗോപാലകൃഷ്ണന്‍ നായര്‍) മകന്‍ ഗോവിന്ദും പോലീസില്‍ കീഴടങ്ങുകയായിരുന്നു. അപ്പോഴും ഓമനക്കുട്ടന്റെ ഭാര്യയും മൂന്നാം പ്രതിയുമായ സിന്ധു വി.നായർ ഒളിവില്‍ തുടര്‍ന്നു.
അടുത്തകാലത്ത് പൂട്ടിപ്പോയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കഥകള്‍ കണ്ടും കേട്ടും പഠിച്ച് അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വളരെ ബുദ്ധിപൂര്‍വ്വമായ നീക്കമാണ് തെള്ളിയൂര്‍ ശ്രീരാമ സദനത്തില്‍ ഓമനക്കുട്ടന്‍ എന്നപേരില്‍ അറിയപ്പെടുന്ന ഡി.ഗോപാലകൃഷ്ണനും കുടുംബവും നടത്തിയത്. ഓമനക്കുട്ടന്‍, ഭാര്യ സിന്ധു, ഏക മകന്‍ ഗോവിന്ദ്, ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി, മകന്‍ എന്നിവരടങ്ങിയതാണ് ഇവരുടെ കുടുംബം. ഓമനക്കുട്ടന്റെ ഭാര്യ സിന്ധു നായര്‍ തിരുവനന്തപുരത്തെ പ്രമുഖ വ്യാപാരിയായ കൃഷ്ണന്‍ നായരുടെ മകളാണ്. 1911 മുതല്‍ ബിസിനസ് രംഗത്തുള്ള ഇവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, പുല്ലാട് തുടങ്ങിയ സ്ഥലങ്ങളില്‍ കൃഷ്ണന്‍ നായര്‍ & സണ്‍സ് എന്നപേരില്‍ ജൂവലറി, വാച്ച് ഷോറൂമുകളുണ്ട്.
വ്യക്തമായ മുന്നൊരുക്കത്തോടെയാണ് പുല്ലാട് ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് ഉടമകള്‍ നിക്ഷേപകരെ കബളിപ്പിച്ച് നാടുവിട്ടത്. കേസില്‍ അകപ്പെട്ടാല്‍ ഭാര്യ ജയിലില്‍ പോകാതിരിക്കുവാന്‍ ഭാര്യയെ കമ്പിനിയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുന്‍കൂട്ടി നീക്കം ചെയ്തു. ഗോകുലം ചിട്ടി ഫണ്ടില്‍ നിന്നും കോടികള്‍ ചിട്ടി പിടിച്ചു. പണം മുന്‍കൂറായി വാങ്ങി പിന്നീട് മനപൂര്‍വ്വം തിരിച്ചടവ് മുടക്കി കുടിശ്ശിഖയാക്കി. തുടര്‍ന്ന് കുടിശ്ശിഖയുടെ പേരുപറഞ്ഞ് വസ്തുക്കള്‍ ഗോകുലം ഗോപാലന് സ്വത്തുക്കള്‍ തീറെഴുതി നല്‍കി. 2023 നവംബര്‍ 17 ന് പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇതിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തു. ആധാരത്തില്‍ നാലുകോടി അറുപത്തിയഞ്ച് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിലെ അഭിഭാഷകന്‍ അനില്‍ ഐ. ജോര്‍ജ്ജ് ആണ് ആധാരം തയ്യാറാക്കിയത്. സാക്ഷികളില്‍ ഒരാള്‍ ഓമനക്കുട്ടന്റെ മകന്‍ ഗോവിന്ദ് ജി.നായര്‍ ആണ്. പന്തളം മുടിയൂര്‍ക്കോണം പഴയറ്റതില്‍ വീട്ടില്‍ പി.ആര്‍. പ്രവീണ്‍ ആണ് മറ്റൊരു സാക്ഷി.