ജമ്മു: ആറു മാസങ്ങൾക്ക് മുമ്പ് നടന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി)യുടെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ട് പാർട്ടി ചെയർമാൻ ഗുലാം നബി ആസാദ്. ഡിപിഎപിയുടെ സംസ്ഥാന, പ്രവിശ്യ, സോണൽ, ജില്ലാ, ബ്ലോക്ക് തല കമ്മിറ്റികൾ ഉൾപ്പെടെ എല്ലാ പാർട്ടി യൂണിറ്റുകളും മുഖ്യ വക്താവ്, മറ്റ് വക്താക്കൾ എന്നീ സ്ഥാനങ്ങളും ചെയർമാൻ ഗുലാം നബി ആസാദ് പിരിച്ചുവിട്ടതായി അദ്ദേഹത്തിന്റെ സെക്രട്ടറി ബഷീർ ആരിഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ കമ്മിറ്റികൾ യഥാസമയം പുനഃസംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ചില പാർട്ടി നേതാക്കളുടെ രാജിയെത്തുടർന്നുള്ള ഒഴിവുകൾ നികത്തുന്നതിനാണ് തീരുമാനമെന്നും യുവാക്കളെയും സ്ത്രീകളെയും പുതിയ മുഖങ്ങളെയും നേതൃനിരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമുള്ളതായും ഗുലാം നബി ആസാദിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് വിട്ടതിന് ശേഷം 2022 ലെപ്റ്റംബർ 26 നായിരുന്നു ഗുലാം നബി ആസാദ് ഡിപിഎപി സ്ഥാപിച്ചത്. ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമായി പാർട്ടി മാറുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ ഡിസംബറിൽ താര ചന്ദ്, മുൻ മന്ത്രി ഡോ. മനോഹൽ ലാൽ ശർമ്മ, മുൻ എംഎൽഎ ബൽവാൻ സിങ് എന്നീ മുതിർന്ന നേതാക്കളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ആസാദ് പുറത്താക്കി.
ഇതിന് പിന്നാലെ മുൻ മന്ത്രി പീർസാദ സയീദുൾപ്പെടെ 126 ഡിപിഎപി അനുയായികൾ രാജിവച്ചു. ഇതെല്ലാം മുന്നണിക്ക് തിരിച്ചടിയാകുകയും കോൺഗ്രസിൽ നിന്നുൾപ്പെടെ കടുത്ത പരിഹാസങ്ങൾക്ക് വഴി തുറക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലും നിയമസഭ തിരഞ്ഞെടുപ്പിൽ 23 സീറ്റുകളിലും മത്സരിച്ചെങ്കിലും സംസ്ഥാനത്ത് ഡിപിഎപിക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ ആസാദിന്റെ പാര്‍ട്ടിയുടെ പകുതിയോളം സ്ഥാനാർഥികൾക്കും നോട്ടയേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് നേടാനായത്. ആസാദിന്റെ സ്വന്തം ജില്ലയായ ദോഡയിലെ ദോഡ വെസ്റ്റിൽ പോലും ദയനീയ പരാജയമായിരുന്നു നേരിടേണ്ടി വന്നത്.