ചെമ്പരത്തിയുടെ ഏറ്റവും പ്രധാന ഗുണം ചര്‍മ്മത്തിലെ പ്രായമാകുന്നതിന്റെ അവശേഷിപ്പുകള്‍ മായിക്കാന്‍ കഴിയും എന്നതാണ്. അതുകൊണ്ടാണ് ഇതിനെ പലപ്പോഴും പ്രകൃതിയുടെ സ്വന്തം ‘ബോട്ടോക്സ്’ എന്ന് വിളിക്കുന്നത്. അതോടൊപ്പം നമ്മുടെ ചർമ്മത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റ് ലഭ്യമാക്കുകയും ചെയ്യുന്നു. എലാസ്റ്റേസ് എൻസൈമിന്റെ ഉൽപാദനത്തെ തടയാനുള്ള കഴിവ് ചെമ്പരത്തിക്ക് ഉണ്ട്, അങ്ങനെ പ്രായമാകൽ പ്രക്രിയയെ ചെറുക്കുകയും ചർമ്മത്തെ യുവത്വതോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. ചെമ്പരത്തി ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ആന്തോസയനോസൈഡ്സ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റ് ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ആന്റി ഓക്‌സിഡന്റിന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്ന വിവിധ ഗുണങ്ങളുണ്ട്. അവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും പൊടിപടലങ്ങളില്‍ നിന്നും അഴുക്കുകളില്‍ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഈ ആന്റി ഓക്‌സിഡന്റിന് ചര്‍മ്മത്തെ സങ്കോചിപ്പിക്കുവാനുള്ള ഗുണങ്ങളുണ്ട്, ഇത് വലിയ സുഷിരങ്ങൾ അടയ്ക്കാനും ചർമ്മത്തെ മിനുസപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ ആന്തോസയനോസൈഡ്സ് ആൻറി ഓക്സിഡന്റിന്റെ ഗുണങ്ങൾ മുഖക്കുരു ഉൾപ്പെടെയുള്ള ചര്‍മ്മ പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. നമ്മളിൽ പലരും മുഖത്തെ കറുത്ത പാടുകൾ കൊണ്ട് കഷ്ടപ്പെടുന്നവരായിരിക്കും, അവ എളുപ്പത്തിൽ മാറുന്നവയും ആയിരിക്കുകയില്ല. നമ്മുടെ മുഖത്ത് ഇത്തരം ചില പാടുകൾ ഉണ്ടാക്കുന്ന ഘടകങ്ങളുണ്ട്. പ്രായമാകൽ ഈ പാടുകൾക്ക് കാരണമാകും. കൂടാതെ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ നമ്മുടെ ചർമ്മത്തെ നശിപ്പിക്കുകയും കറുത്ത പാടുകൾ രൂപപ്പെടുകയും ചെയ്യും. അധിക മെലാനിൻ ഉൽപാദനവും ജനിതകശാസ്ത്രവുമാണ് കറുത്ത പാടുകളുടെ രൂപീകരണത്തിന് പിന്നിലെ മറ്റ് പ്രധാന ഘടകങ്ങളിൽ ചിലത്. ചെമ്പരത്തിയില്‍ സിട്രിക് ആസിഡും മാലിക് ആസിഡും ഉൾപ്പെടെ ഓർഗാനിക് ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഈ ആസിഡുകൾ നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. കാലക്രമേണ പാടുകള്‍ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ചർമ്മ സംരക്ഷണത്തിനായി ചെമ്പരത്തി പതിവായി ഉപയോഗിക്കുന്നത് പഴയ കോശങ്ങള്‍ക്ക് പകരമായി പുതിയ കോശ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനും നിറത്തിനും തിളക്കം നൽകുന്നു. നമ്മുടെ ചർമ്മത്തിന് ആവശ്യമായ പ്രകൃതിദത്തമായ എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ചെമ്പരത്തി. മാത്രമല്ല മാലിക് ആസിഡും സിട്രിക് ആസിഡും ഉൾപ്പെടെയുള്ള ഓർഗാനിക് ആസിഡുകളുടെ നല്ല ഉറവിടമാണ് ചെമ്പരത്തി. ഈ ആസിഡുകൾ നിര്‍ജീവ ചര്‍മ്മ കോശങ്ങളെ പുറംതള്ളുകയും ആരോഗ്യം കൈവരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. തിളക്കമുള്ളതും മിനുസമാർന്നതുമായ നിറം ഇങ്ങനെ ലഭിക്കുന്നു. പുതിയ കോശങ്ങളുടെ വളര്‍ച്ചയെ വർദ്ധിപ്പിക്കാൻ ഇവയ്ക്ക് കഴിയും. ഇത് മുഖക്കുരു സുഖപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല, ഈ ആസിഡുകൾ ഇരുണ്ട പാടുകളും മുഖക്കുരുവിന്റെ പ്രശ്നങ്ങളും ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നു. ഇങ്ങനെ ഇത് ചർമ്മത്തെ ശുദ്ധീകരിക്കാനും ചെമ്പരത്തി സഹായിക്കുന്നു.
ചെമ്പരത്തിയിലെ ആസിഡുകളുടെ ഏറ്റവും നല്ല ഗുണം അവ ചർമ്മത്തിൽ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കാത്തതും ചർമ്മത്തിന്‍റെ pH ലെവൽ സന്തുലിതമാക്കാൻ സഹായിക്കുന്നു എന്നതുമാണ്. നമ്മുടെ ചർമ്മത്തിന് മികച്ച മോയ്സ്ചറൈസിംഗ് നല്‍കുവാന്‍ ചെമ്പരത്തിക്ക് സാധിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ ശ്ലേഷ്‌മം അടങ്ങിയിട്ടുണ്ട്. വെള്ളവും ഭക്ഷണവും സംഭരിക്കുന്നതിനായി സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ഒട്ടിപ്പിടിക്കുന്ന പദാർത്ഥമാണ് ശ്ലേഷ്‌മം അഥവാ മ്യൂസിലേജ്. ചെമ്പരത്തിയിലെ ശ്ലേഷ്‌മത്തിന് മികച്ച മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. അതിന്റെ സൗമ്യമായ സ്വഭാവം കാരണം സെൻസിറ്റീവ് ചർമ്മത്തിൽ പോലും ഇത് സുരക്ഷിതമായി ഉപയോഗിക്കാം. ചർമ്മസംരക്ഷണത്തിനായി ചെമ്പരത്തി പതിവായി ഉപയോഗിക്കുന്നത് ഈർപ്പം നിലനിർത്താനുള്ള നമ്മുടെ ചർമ്മത്തിന്റെ കഴിവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അങ്ങനെ ചർമ്മത്തെ ആര്‍ദ്രമായും മൃദുവായും സംരക്ഷിക്കുന്നു.