കട്ടപ്പന : കനത്ത വിലയിടിവിനു പിന്നാലെ ഇതര സംസ്‌ഥാനങ്ങളില്‍നിന്നുള്ള ഇഞ്ചിവരവ് കുത്തനെ കൂടിയതോടെ ഹൈറേഞ്ചില്‍ നിന്നും ഇഞ്ചിക്കൃഷി പടിയിറങ്ങുന്നു. നിരവധി കര്‍ഷകരാണ് കൃഷി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. കട്ടപ്പന മാര്‍ക്കറ്റില്‍ കിലോയ്‌ക്ക് 100 രൂപ വരെ വില ലഭിച്ചിരുന്ന നാടന്‍ ഇഞ്ചിക്ക് ഇപ്പോള്‍ 30-35 രൂപയാണ് വില. അഞ്ചു വര്‍ഷത്തിനിടെയാണ് വിലയില്‍ ഇത്രയധികം ഇടിവുണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. 250 രൂപയായിരുന്ന ചുക്കിന്റെ വില 125-130 രൂപയായി താഴ്‌ന്നു. ഇഞ്ചിക്കൃഷി നഷ്‌ടത്തിലാകുകയും ഇടക്കാലത്ത് ഏലം വില ഉയരുകയും ചെയ്‌തതോടെ പലരും ഇഞ്ചിക്കണ്ടങ്ങള്‍ ഉഴുതുമറിച്ചശേഷം ഏലത്തട്ടകള്‍ നടുകയും ചെയ്‌തിരുന്നു.
കര്‍ഷകര്‍ ഇഞ്ചിക്കൃഷി പൂര്‍ണമായും ഉപേക്ഷിച്ചതോടെ ഔഷധ നിര്‍മാണത്തിനും മറ്റും ഉപയോഗിച്ചിരുന്ന നാടന്‍ ചുക്കിന് വിപണിയില്‍ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. മൊത്തവ്യാപാരികള്‍ക്ക് 25-30 രൂപയ്‌ക്ക് തമിഴ്‌നാട്ടില്‍നിന്നും ലഭിക്കുന്ന ഇഞ്ചി മാത്രമാണ് ഇപ്പോള്‍ കമ്പോളത്തിലുള്ളത്. ഉത്‌പാദനെച്ചലവും പാട്ടത്തുകയും കുറവായതിനാല്‍ കേരളത്തില്‍നിന്നുള്ള കര്‍ഷകരും തമിഴ്‌നാട്ടിലെത്തി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി ചെയ്യുന്നുണ്ട്. വന്‍തോതില്‍ രാസവളവും മറ്റും ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഇവയ്‌ക്ക് ഗുണനിലവാരം വളരെ കുറവാണ്. ഇഞ്ചിയുടെ നടീല്‍ മുതല്‍ വിളവെടുപ്പ് വരെ മികച്ച പരിപാലനവും വളപ്രയോഗവും ആവശ്യമുണ്ട്. ഹൈറേഞ്ചിലെ കര്‍ഷകന് ഒരു കിലോ ഇഞ്ചി ഉത്‌പാദിപ്പിക്കാന്‍ കിലോയ്‌ക്ക് 40 രൂപ മുടക്കുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ പാട്ടത്തിന് സ്‌ഥലമെടുത്ത് ഇഞ്ചികൃഷി ചെയ്‌തിരുന്നവര്‍ ഇപ്പോള്‍ കൃഷി പൂര്‍ണമായി ഉപേക്ഷിച്ചു. കാലാവസ്‌ഥാ വ്യതിയാനവും ചാണകം ഉള്‍പ്പെടെയുള്ള ജൈവളങ്ങളുടെ വില വര്‍ധനവും കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലേയ്‌ക്ക് തള്ളിവിട്ടു. ഇത്തരം പ്രതിസന്ധികളെയെല്ലാം തരണം ചെയ്‌ത് പതിവായി ഇഞ്ചിക്കൃഷി ചെയ്‌തിരുന്ന കര്‍ഷകര്‍ വിലത്തകര്‍ച്ച നേരിട്ടതോടെ കടക്കെണിയിലുമായി.