കോഴിക്കോട് : പീഡനമടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫോൺ വഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പന്തീരങ്കാവ് സ്വദേശി ദിൽഷാദിനെയാണ് ആലപ്പുഴയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്.
കോഴിക്കോട് ജില്ലയിലെ കസബ, മെഡിക്കൽ കോളേജ്, പന്നിയങ്കര, നല്ലളം, പന്തീരങ്കാവ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ബലാത്സംഘം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ദില്‍ഷാദ്. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയായ പെൺകുട്ടിയെ പന്തീരങ്കാവ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ എത്തിച്ചും പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവധ സ്ഥലങ്ങളിൽ പാർപ്പിച്ചും പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനക്കേസിന് പുറമേ വാഹനാപകട കേസിലും പ്രതിയാണ് ദില്‍ഷാദ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം പന്തീരങ്കാവ് ബൈപ്പാസിൽ ദില്‍ഷാദ് ഓടിച്ചിരുന്ന കാറിടിച്ച് ഓട്ടോഡ്രൈവറായിരുന്ന പന്തീരങ്കാവ് സ്വദേശി വൈശാഖ് മരണപ്പെട്ടിരുന്നു. അപകടത്തിന് ശേഷം ദില്‍ഷാദ് കാർ നിർത്താതെ ഓടിച്ചുപോയി. മാസങ്ങൾ നീണ്ട അന്വേഷണത്തിലൊടുവിലാണ് കാർ ഓടിച്ചിരുന്ന ദിൽഷാദിനെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
നിലവിൽ നല്ലളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാല്‍സംഗ കേസിലും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും പന്നിയങ്കര പപോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കവർച്ച കേസുകളിലും പ്രതിയാണ് ദിൽഷാദ്. അന്വേഷണത്തിൽ പ്രതി ആലപ്പുഴ ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് പന്തീരങ്കാവ് ഇൻസ്പെക്ടർ ബൈജു.കെ.ജോസിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. ജിതേഷ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ്, വിഷ്ണു ഹരി എന്നിവർ ആലപ്പുഴ നോർത്ത് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.