പത്തനംതിട്ട : റാന്നി – പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്റെ മകന്‍ അശ്വിനുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചു. തലച്ചിറ പോസ്റ്റ് ഓഫീസിലെ അസി. ബ്രാഞ്ച് പോസ്റ്റുമാസ്റ്റര്‍ (പോസ്റ്റ് വുമണ്‍) മൈലപ്ര കുമ്പഴ വടക്ക് തട്ടാമണ്ണില്‍ പരേതനായ ബിജുവിന്റെ മകള്‍ അമൃത (25)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ വീടിനുള്ളിലാണ് യുവതി തൂങ്ങി മരിച്ചത്.
വിവരമറിഞ്ഞ് മിനുട്ടുകള്‍ക്കകം ആശുപത്രിയിലും പോലീസ് സ്റ്റേഷനിലുമെത്തിയ സി.പി.എം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ മൃതദേഹം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ബഹളം കൂട്ടി. അമൃതയുടെ പ്രതിശ്രുത വരന്‍ അശ്വിന്‍ മുങ്ങുകയും ചെയ്തു. അമൃതയുടെ മാതാവ് റാന്നിയിലെ സഹകരണ ബാങ്കില്‍ ജോലി ചെയ്യുകയാണ്. ഇന്നലെ രാവിലെ ജോലിക്ക് പോയ അമൃത ഉച്ചയോടെ വീട്ടിലെത്തി. അതിന് ശേഷം മാതാവിനെ വിളിച്ച് തന്റെ വിവാഹം നടക്കില്ലെന്ന് അറിയിച്ചു. വൈകിട്ട് മൂന്നേമുക്കാലോടെ അമൃതയുടെ സഹോദരന്‍ അതുല്‍ ബിജു കുമ്പഴ ജങ്ഷനിലുള്ള ബേക്കറിയില്‍ സാധനം വാങ്ങാന്‍ പോയിരുന്നു.
ഈ സമയം അശ്വിന്റെ ബന്ധുവായ വീട്ടമ്മ അമൃതയുടെ സഹോദരനെ വിളിച്ചിട്ട് അമൃത വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് അറിയിച്ചു. സഹോദരന്‍ നാലു മണിയോടെ വീട്ടിലെത്തിയപ്പോള്‍ അമൃത തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. തന്റെ കൂട്ടുകാരെയും വിളിച്ചു കൂട്ടി അമൃതയെ അഴിച്ചു താഴെയിറക്കി റിങ് റോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അമൃതയെ എത്തിച്ച് 10 മിനുട്ട് കഴിയുന്നതിന് മുമ്പ് പി.എസ് മോഹനന്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. അമൃതയ്ക്ക് എന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന് നേരത്തേ തന്നെ ഇയാള്‍ക്കും മകനും അറിയാമായിരുന്നുവെന്നാണ് കരുതുന്നത്. ആശുപത്രിയില്‍ നിന്ന് പത്തനംതിട്ട ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് മോഹനന്‍ മൃതദേഹം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചതെന്ന് പറയുന്നു. അമൃതയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അശ്വിന്‍ അമൃതയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് പറയുന്നു.