ചങ്ങരംകുളം: സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ ഓടിച്ചിട്ട് പിടികൂടി. മദ്യപിച്ച് സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ചാലിശ്ശേരി മണ്ണാറപ്പറമ്പ് സ്വദേശി തെക്കത്ത് വളപ്പില്‍ അലി(43)യെയാണ് ചങ്ങരംകുളം പോലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ ചങ്ങരംകുളം നരണിപ്പുഴ റോഡിലാണ് സംഭവം. ചങ്ങരംകുളത്ത് നിന്ന് എരമംഗലം പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിക്ക് നേരെ പ്രതി ലൈഗികാവയവം കാണിച്ചെന്നാണ് പരാതി. ചങ്ങരംകുളത്ത് എരംമംഗലം റോഡില്‍ ബസ് കാറില്‍ ഇടിച്ചിരുന്നു. ഈ സമയത്ത് ബസ് നിര്‍ത്തി ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ അതിക്രമം കാണിച്ചത്.