മലപ്പുറം: വിഷ്ണുജിത്തിനെ കണ്ടെത്തിയതിൽ സന്തോഷമുണ്ട് മകനെ കാണാനായി കാത്തിരിക്കുകയാണെന്നും വിഷ്‌ണുജിത്തിന്റെ പിതാവ് ശശിധരൻ. മകനെ കൂടുതൽ സമ്മർദ്ദത്തിലാക്കരുതെന്ന് മാത്രമാണ് അപേക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എല്ലാം അവൻ മുൻകെെയെടുത്താണ് നടത്തിയത്. സാമ്പത്തിക പ്രയാസങ്ങളുള്ളതായി പറഞ്ഞിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. കുറച്ച് ദിവസങ്ങളായി നെഞ്ചിൽ തീയായിരുന്നുവെന്നും മകനെ കണ്ടെത്തിയെന്നറിഞ്ഞപ്പോഴാണ് സമാധാനമായതെന്നും വിഷ്ണുജിത്തിന്റെ അമ്മ പ്രതികരിച്ചു.
പോലീസ് കണ്ടെത്തിയ ശേഷം വിഷ്ണുജിത്ത് കുടുംബത്തോട് സംസാരിച്ചിട്ടില്ല. പോലീസ് സംഘം ഊട്ടിയിൽ നിന്ന് മലപ്പുറത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. വിവാഹത്തിന് മുമ്പ് കാണാതായ പള്ളിപ്പുറം കുറുന്തല വീട്ടിൽ വിഷ്ണുജിത്തിനെ 6 ദിവസത്തിന് ശേഷമാണ് ഊട്ടിയിൽ നിന്ന് മലപ്പുറം പോലീസ് കണ്ടെത്തിയത്. ഇന്നലെ വിഷ്ണുജിത്തിന്റെ ഫോൺ ഒരു തവണ ഓണായത് അന്വേഷണത്തിന് തുമ്പായെന്നും സംഭവത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും എസ്‌പി അറിയിച്ചു. ഇന്നലെ വിഷ്ണുജിത്തിന്റെ ഫോൺ ഒരു തവണ ഓണായിരുന്നു. ഊട്ടി കുനൂർ ആണ് ലൊക്കേഷൻ കാണിച്ചത്.
ഇതുകേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. വിഷ്ണുവിനോട് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് സഹോദരി പറഞ്ഞു. എട്ട് വർഷമായി പ്രണയിക്കുന്ന യുവതിയുമായി ഞായറാഴ്ചയാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിന് നാല് ദിവസം മുമ്പാണ് വിഷ്ണുജിത്തിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞ് രാവിലെ വിഷ്ണുജിത്ത് വീട്ടിൽനിന്നു പോവുകയായിരുന്നു. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടിൽ വിളിച്ചറിയിച്ചു. പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്.