ഡൽഹി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റിന് ഇടക്കാല ധനസഹായം അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഡച്ച് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ ഉൾപ്പെടുന്ന കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സാണ് വായ്പ അനുവദിച്ചത്. അതേസമയം, ബിസിനസ് പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല വായ്പ അനുവദിച്ചിരിക്കുന്നതെന്ന് കൺസോർഷ്യത്തിന്റെ ഭാഗമായ പ്രമുഖ ബാങ്കർ അറിയിച്ചിട്ടുണ്ട്. ഇടക്കാല വായ്പ ഉപയോഗിച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ, 400 കോടിക്കും 500 കോടിക്കും ഇടയിലുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്.
കൂടാതെ, പ്രത്യേക ആവശ്യങ്ങൾക്കായി ക്രെഡിറ്റ് വിൻഡോ തുറന്നിരിക്കുന്നതാണ്. ജൂലൈ മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് എയർലൈൻ പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ 22 വിമാനങ്ങളുമായി 78 പ്രതിദിന സർവീസുകളാണ് ആരംഭിക്കുക. നിലവിൽ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഡച്ച് ബാങ്ക് എന്നിവയ്ക്ക് മൊത്തം 65.21 ബില്യൺ രൂപ ഗോ ഫസ്റ്റ് നൽകാനുണ്ട്. ഈ സാഹചര്യത്തിലാണ് ഇടക്കാല വായ്പയും അനുവദിച്ചിരിക്കുന്നത്.