കോന്നി : കോന്നിയുടെ മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. തണ്ണിത്തോട്, തേക്കുതോട്, പൂച്ചക്കുളം,കല്ലേലി, കൊക്കാത്തോട് തുടങ്ങി നിരവധി പ്രദേശങ്ങളിൽ ആണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കാടിറങ്ങി എത്തുന്ന കാട്ടാന കൂട്ടം കൃഷിയിടങ്ങൾ പലതും നശിപ്പിച്ചാണ് കാട് കയറുക. തേക്കുതോട് മൂർത്തിമണ്ണിൽ കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ആക്രമണത്തിൽ വീട് നശിച്ചത്. തുടർന്ന് പല തവണ ഇവിടെ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുകയും ചെയ്തു. പൂച്ചക്കുളത്തും സ്ഥിതി വ്യത്യസ്ഥമല്ല. കാട്ടാന ശല്യത്തെ തുടർന്ന് ജീവിതം വഴി മുട്ടിയതോടെ നിരവധി ആളുകൾ ആണ് ഇവിടെ നിന്നും താമസം മാറിയത്. അനാഥമായികിടക്കുന്ന നിരവധി വീടുകളും ഇവിടെ കാണാൻ കഴിയും.
കല്ലേലി എസ്റ്റേറ്റ് ഭാഗത്തും നിരവധി തവണ കാട്ടാനയുടെ ആക്രമണമുണ്ടായി. പലതവണയും തല നാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളികൾ രക്ഷപെട്ടത്. വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ വേലികൾ പലതും പ്രവർത്തന ക്ഷമമല്ലാത്തത് ആണ് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്നതിന് പ്രധാന കാരണമെന്ന് ജനങ്ങൾ പറയുന്നു. ഒരിക്കൽ സ്ഥാപിച്ച സൗരോർജ വിളികളുടെ അറ്റകുറ്റപണികൾ യഥാ സമയത്ത് നടത്താൻ കഴിയാത്തതും വേലികൾ നശിക്കാൻ കാരണമാകുന്നുണ്ട്. വനാതിർത്തികളിൽ ഉള്ള പല കൃഷിയിടങ്ങളിലും നിരവധി തെങ്ങും കവുങ്ങുകളുമാണ് കാട്ടാനയുടെ ആക്രമണത്തിൽ നശിച്ചത്. ഇവയ്ക്ക് തക്കതായ നഷ്ട്ടപരിഹാരം ലഭിക്കാറില്ല എന്നും കർഷകർ പറയുന്നു.
കാട്ടാനയുടെ ശല്യം വർധിച്ചതോടെ കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കർഷകർ. വർധിച്ച് വരുന്ന വേനൽ ചൂടിൽ വനത്തിനുള്ളിൽ നീരുറവകൾ ഇല്ലാതെ വന്നതും കാട്ടാനകളും മറ്റ് വന്യ മൃഗങ്ങളും നാട്ടിൽ ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്. വനാതിർത്തിയിൽ താമസിക്കുന്ന പലരും കാട്ടാനയുടെ ആക്രമണം ഭയന്ന് ഭീതിയോടെ ആണ് കഴിയുന്നത്. വനാ തിർത്തികളിൽ വലിയ കിടങ്ങുകൾ കുഴിയ്ക്കുകയോ സൗരോർജ വേലികൾ തീർത്ത് പൊതുജനങ്ങൾക്ക് സംരക്ഷണം നൽകുകയോ ചെയ്യുകയാണ് ഇതിന് ഏക പരിഹാരം.