തിരുവനന്തപുരം: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഈ മാസം 28 ന് കേരളത്തിലെത്തും. ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനമാണ് പ്രധാന ചടങ്ങ്. രാവിലെ 11 ന് കോഴിക്കോട് മലബാർ പാലസിൽ നടക്കുന്ന ചടങ്ങിലാണ് പുസ്തകപ്രകാശനം. ശ്രീധരൻപിള്ള ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയ 12 പുസ്തകങ്ങളുടെ പ്രകാശനമാണ് ഏപ്രിൽ, മെയ് മാസങ്ങളിലായി നടക്കുന്നത്. ദില്ലി, ഗോവ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെങ്ങന്നൂർ തുടങ്ങി വിവിധകേന്ദ്രങ്ങളിലായാണ് പുസ്തക പ്രകാശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുഖ്യമന്ത്രിമാർ, സാഹിത്യ നായകന്മാർ തുടങ്ങിയവർ പ്രകാശനകർമ്മം നിർവ്വഹിക്കുന്നവരിൽപ്പെടും.
ശ്രീധരന്പിള്ളയുടെ എഴുത്തിന്റെ അൻപതാം വർഷമാണിത്. അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ എണ്ണം 200 കടക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തിന്റെ അൻപതാം വാർഷികത്തിന്റെ ആഘോഷപരിപാടികൾ കോഴിക്കോട്ടായിരിക്കും സംഘടിപ്പിക്കുക. വരുന്ന മെയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനും ഒരു പുസ്തക പ്രകാശനം നിർവഹിക്കുന്നുണ്ട്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ ശ്രീധരൻ പിള്ളയുടെ എന്റെ പ്രിയ കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് പിണറായി വിജയൻ നിർവഹിക്കുക. ഡി സി ബുക്‌സ് ആണ് പ്രസാധകർ.