ഗോവ : ഗോവയില്‍ ഡോക്ടറെ ആരോഗ്യമന്ത്രി പരസ്യമായി ശാസിച്ച സംഭവത്തില്‍ മന്ത്രിക്ക് അന്ത്യശാസനം നല്‍കി ഡോക്ടര്‍മാരുടെ സംഘടന. 24 മണിക്കൂറിനുള്ളില്‍ മന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയിലെത്തി മാപ്പ് പറഞ്ഞില്ലെങ്കില്‍ പണി മുടക്കുമെന്നാണ് താക്കീത്. മാധ്യമങ്ങളിലൂടെയുള്ള മാപ്പുപറച്ചില്‍ സ്വീകാര്യമല്ലെന്നും മന്ത്രി ആശുപത്രിയിലെത്തി പരസ്യമായി മാപ്പ് പറയണമെന്നും ഡോക്ടേഴ്‌സ് വ്യക്തമാക്കി. ഗോവ അസോസിയേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് ( ഗാര്‍ഡ്) ആണ് മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗോവ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
രോഗിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ആരോഗ്യമന്ത്രി ശാസിച്ചു. ഉടനെ തന്നെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാനും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. വിശദീകരണം തന്നാലും താന്‍ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയില്‍ തിരികെ എടുക്കില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തി. മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗം എന്ന് ഗോവ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആരോഗ്യപ്രവര്‍ത്തകരോടൊപ്പം എന്നും ഗോവ പിസിസി അധ്യക്ഷന്‍ അമിത് പാട്കര്‍ പറഞ്ഞിരുന്നു.