കോന്നി : പാടം ഫോറസ്റ്റേഷൻ പരിധിയിൽ അരുവാപ്പുലം ഊട്ടുപാറ കോഴഞ്ചേരി മുരുപ്പിൽ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം നടന്നത്. ഊട്ടുപാറ കാഞ്ഞിരത്തുംമൂട്ടിൽ സന്തോഷ് ബാബുവിന്റെ ആടിനെയാണ് പുലി പിടിച്ചത്. സന്തോഷ് ബാബുവും സമീപവാസിയായ മോനച്ചനും ചേർന്ന് ഇവരുടെ വീടിന് സമീപത്തെ കൃഷിയിടത്തിൽ കൂട്ട് കൃഷി നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നായയുടെ കുര കേട്ട് ഉണർന്ന മോനച്ചൻ പന്നികയറിയത് ആണെന്ന് കരുതി കൃഷിയിടത്തിലേക്ക് ടോർച്ച് തെളിയിച്ചപ്പോൾ പുലി ഓടി പോകുന്നതാണ് കണ്ടത്. തുടർന്ന് ഉറക്കത്തിൽ ആയിരുന്ന സന്തോഷ് ബാബുവിനെയും കുടുംബത്തെയും മോനച്ചൻ വിവരം ധരിപ്പിക്കുകയും തുടന്ന് ആട്ടിൻ കൂട്ടിൽ നോക്കുമ്പോൾ ആട് പുലിയുടെ ആക്രമണത്തിൽ ചത്തു കിടക്കുന്നതാണ് കണ്ടത്.
ആടിനെ കെട്ടി ഇട്ടിരുന്നതിനാൽ വലിച്ചു കൊണ്ടുപോകുവാൻ പുലിക്ക് കഴിഞ്ഞില്ല. തുടർന്ന് പാടം ഫോറസ്റ്റ് ഡെപ്യൂട്ടി ആനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള വനപാലക സംഘം സ്ഥലത്ത് എത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. വനം വകുപ്പിൽ നിന്നും ആടിന് ആവശ്യമായ നഷ്ടപരിഹാരം നൽകുവാനുള്ള നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് പുലി ഭീതി നിലനിൽക്കുന്നതിനാൽ വനപാലകർ പ്രദേശത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.