വിശാഖപട്ടണം: രണ്ട് വര്‍ഷത്തിലേറെയായി ആശ്രമത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആള്‍ദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂര്‍ണാനന്ദ (64) ആണ് പിടിയിലായത്. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്റെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. 15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പൂര്‍ണാനന്ദ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
രണ്ടാം തവണയാണ് ബലാത്സംഗ കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 2011ല്‍ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് സ്വാമി പിടിയിലായിരുന്നു. ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടിയെ സ്വാമി ബന്ദിയാക്കുകയും നിരന്തരം പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. ആശ്രമത്തിലെ ജീവനക്കാരന്റെ സഹായത്തോടെ ജൂണ്‍ 13ന് പെണ്‍കുട്ടി രക്ഷപ്പെട്ട് തിരുമല എക്സ്പ്രസില്‍ കയറുകയും സഹയാത്രികന്റെ സഹായത്തോടെ വിജയവാഡയിലെ ദിശ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.