തിരുവനന്തപുരം: ഗോകുലം ചിട്ടിതട്ടിപ്പ് കേസിൽ മൗനം പാലിച്ച് സർക്കാർ. ഗോകുലം ഗോപാലിനെതിരായ കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയെന്ന വിവരം പുറത്ത് വന്നിട്ടും യാതൊരും വിശദീകരണവും സർക്കാർ നൽകിയിട്ടില്ല. സംസ്ഥാനത്തിന് എത്രരൂപയുടെ നികുതി നഷ്ടമുണ്ടായെന്ന പ്രതിപക്ഷ ചോദ്യത്തിലും സർക്കാർ മൗനം തുടരുകയാണ്. അനധികൃത ചിട്ടി നടത്തിപ്പിലൂടെ 60 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടം സർക്കാരിനുണ്ടായിട്ടാണ് ഗോകുലം ഗോപാലനെതിരെ സർക്കാർ നടപടി സ്വീകരിക്കാതിരുന്നത്.
മുഖ്യമന്ത്രിയുടെ വഴിവിട്ട ഇടപെടൽ അടക്കം പുറത്ത് വന്ന് ഒരു ദിവസം കഴിഞ്ഞിട്ടും സർക്കാർ മൗനം പാലിക്കുകയാണ്. അനധികൃതമായി, ഗുരുതര സ്വഭാവത്തിലുള്ള ഇടപെടൽ മുഖ്യമന്ത്രി നടത്തിയെന്ന വിവരത്തിനോട് സർക്കാരിനുള്ള മൗനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രതിപക്ഷ നേതാവും ചോദ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞു. എന്നിട്ടും മൗനം തന്നെയാണ് സർക്കാരിൻറെ മറുപടി. സംഭവം ചർച്ച ആയെങ്കിലും കേസ് പിൻവലിക്കാൻ മുഖ്യമന്ത്രിയെടുത്ത തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നാണ് വിവരം.