കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെയാണ് വിജേഷ് പിള്ള എന്ന പേര് കേരളത്തിന് പരിചിതമാകുന്നത്. തന്നെ ബംഗളൂരില്‍ വിജയ് പിള്ള എന്നൊരാള്‍ വിളിച്ചു വരുത്തിയെന്നും ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് സ്വപ്ന എത്തിയത്. എന്നെ അഭിമുഖത്തിനായാണ് വിളിച്ചത്. പക്ഷെ ഒത്തുതീര്‍പ്പ് സംഭാഷണവും ഭീഷണിയുമാണ് വന്നത്. മുഖ്യമന്ത്രിയും കുടുംബവും എന്നെ ഉപയോഗിച്ചു. ഇപ്പോള്‍ പറയുന്നത് ഒന്നുകില്‍ ഒത്തുതീര്‍പ്പ് അല്ലെങ്കില്‍ മരണം എന്നാണ്. ബംഗ്ളൂരിലെ ഹോട്ടല്‍ ലോബിയില്‍ വെച്ചാണ് ഭീഷണിപ്പെടുത്തിയത്. എഫ്ബി ലൈവിലൂടെയായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. എന്നാൽ വിജയ് പിള്ള എന്നാണ് സ്വപ്ന പറഞ്ഞതെങ്കിലും അത് വിജേഷ് പിള്ളയാണെന്നുള്ള വിവരങ്ങളും പിന്നീട് പുറത്തു വന്നിരുന്നു.
വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ വിജേഷ് പിള്ള കണ്ണൂർ കടമ്പേരിയിലെ വീട്ടിലെത്തി മുത്തപ്പൻ തെയ്യത്തിൻ്റെ അനുഗ്രഹം വാങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നതിനു പിന്നാലെയാണ് വിവാദനായകൻ വിജേഷ് പിള്ള ഞായറാഴ്ച വൈകീട്ട് കടമ്പേരിയിലെ സ്വന്തം വീട്ടിലെത്തിയത്. അതേസമയം അയൽവാസിയുടെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം ചടങ്ങ് നടക്കുകയായിരുന്നു. ഈ ചടങ്ങിലും വിജേഷ് പിള്ള സംബന്ധിച്ചു. മുത്തപ്പൻ തെയ്യത്തിൻ്റെ അനുഗ്രഹവും വാങ്ങി. പഴയകാല സുഹൃത്തുക്കളോടും മറ്റും പതിവുശൈലിയിൽ കുശലാന്വേഷണവും നടത്തിയ ശേഷമാണ് വിജേഷ് പിള്ള മടങ്ങിയത്.
സ്വപ്നാ സുരേഷിൻ്റെ പരാതിയിൽ വിജേഷ് പിള്ളയുടെ പേരിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് വിജേഷ് ആന്തൂർ നഗര സഭയിലെ കടമ്പേരിയിലെ വീട്ടിൽ മാതാപിതാക്കളെ കാണാനെത്തി വാർത്ത സൃഷ്ടിച്ചത്. നേരത്തെ സ്വപ്ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം നിഷേധിച്ച് വിജേഷ് പിള്ള രംഗത്തെത്തിയിരുന്നു. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി തന്നെ വന്നു കണ്ടുവെന്ന സ്വപ്ന സുരേഷിൻ്റെ ആരോപണം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. താൻ സ്വപ്നയെ കണ്ടു എന്നത് സത്യമാണെന്നും എന്നാൽ അത് ബിസിനസ് സംബന്ധമായ ഒരു കാര്യം ചർച്ച ചെയ്യാനാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. താനും സ്വപ്നയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും വിജേഷ് ചൂണ്ടിക്കാട്ടിയിരുന്നു.
താൻ സ്വപ്നയെ കണ്ടത് ഒടിടി പ്ലാറ്റ്ഫോമിലെ ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ്. സിപിഎം എന്നല്ല ഒരു പാർട്ടിയിലും താൻ അംഗമല്ലെന്നും വിജേഷ് പറഞ്ഞു. എം വി ഗോവിന്ദൻ നാട്ടുകാരനാണ്. എന്നാൽ അദ്ദേഹവുമായി നേരിട്ട് ബന്ധമില്ല. അദ്ദേഹത്തെ ടിവിയിൽ മാത്രമാണ് കണ്ടുപരിചയമെന്നും വിജേഷ് വ്യക്തമാക്കി. സ്വപ്നയെ കണ്ട് ഒത്തുതീർപ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 30 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്ന് മാത്രമാണ് പറഞ്ഞത്.
ഇപ്പോൾ പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളുടെ ചിത്രങ്ങളാണെന്നും വിജേഷ് പറയുന്നു. കൂടുതൽ തെളിവുണ്ടെങ്കിൽ സ്വപ്ന പുറത്തു വിടട്ടേയെന്നും അദ്ദേഹം പറഞ്ഞു. എം വി ഗോവിന്ദൻ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പരാമർശിക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താൻ സംസാരിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി. സ്വപ്ന എത്തിയത് കുട്ടികളുമായി. കുട്ടികളുമായി എത്തിയ സ്വപ്നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താൻ സാധിക്കുകയെന്നും വിജേഷ് ചോദിച്ചിരുന്നു.